'1500 വെള്ളിക്കാശിന് കേരള വിദ്യാഭ്യാസത്തെ ഒറ്റു കൊടുക്കരുത്'; പിഎം ശ്രീയിൽ ഒപ്പുവെച്ചതിനെ വിമർശിച്ച് എസ്എസ്എഫ് മുഖപത്രം
വ്യാഴാഴ്ചയാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്
കോഴിക്കോട്: കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിനെ വിമർശിച്ച് എസ്എസ്എഫ് മുഖപത്രമായ രിസാല. 'പിഎം ശ്രീ: 1500 വെള്ളിക്കാശിന് കേരളീയ വിദ്യാഭ്യാസത്തെ ഒറ്റു കൊടുക്കരുത്' എന്ന കവര്‍സ്റ്റോറിയിലാണ് വിമർശനം.
അത്യന്തം അപകടകരവും ജനാധിപത്യവിരുദ്ധവുമായ ഒന്നിനെയാണ് 1500 കോടി എന്ന പ്രലോഭനത്തിൽ കുരുങ്ങി കേരളം ആനയിക്കാൻ ഒരുങ്ങുന്നത്. അഥവാ നവോഥാനത്തിലൂടെയും നാനാതരം സംഘാടനങ്ങളിലൂടെയും ഇടതുപക്ഷത്തിന്റെ തന്നെയും മുൻകൈയിൽ വികസിച്ച കേരളീയ വിദ്യാഭ്യാസത്തെ 1500 വെള്ളിക്കാശിന് വേണ്ടി സിപിഎം സംഘ്പരിവാറിന് ഒറ്റുകൊടുത്തു എന്നും വായിക്കാം. കൊളുത്തുകളുള്ള പണം തൊണ്ടയിൽ കൊളുത്തി നമ്മുടെ കുട്ടികളെ ഹിന്ദുത്വയുടെ തീൻമേശയിൽ വിഭവമായി എത്തിക്കും. അത് വേണോ? തിരുത്താൻ സമയമുണ്ട്. ഇടതുപക്ഷത്തെ നിർമിച്ച തലമുറകൾക്ക് വേണ്ടിയെങ്കിലും അത് ചെയ്യണം- ലേഖനം പറയുന്നു.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനയെ അടിയോടെ റദ്ദാക്കുന്ന ഒന്നാണ് പുതിയ നയം. ദേശീയ പ്രസ്ഥാനം, അതിന്റെ മതേതര ധാര, ഇസ്‌ലാം ഉൾപ്പെടെയുള്ള സംസ്‌കൃതികളുടെ സംഭാവനകൾ തുടങ്ങിയവ വികലമാക്കപ്പെട്ടു. ദേശീയത എന്ന ആശയം ഹിന്ദുത്വയിലേക്ക് വേഷം മാറ്റപ്പെട്ടു. ഇത്തരത്തിൽ അത്യന്തം അപകടകരവും ജനാധിപത്യവിരുദ്ധവുമായ ഒന്നിനെയാണ് 1500 കോടി എന്ന പ്രലോഭനത്തിൽ കുരുങ്ങി കേരളം ആനയിക്കാൻ ഒരുങ്ങുന്നതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.