'കോടതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ നീതി ലഭിച്ചില്ല'; പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

നിരാശജനകവും വേദനാജനകവുമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Update: 2024-03-30 08:02 GMT
Editor : Lissy P | By : Web Desk
Advertising

കാസർകോട്: കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധകേസിൽ പ്രതികളെ വെറുതെ വിട്ട നടപടി നിരാശാജനകമാണെന്ന് കുടുംബം. കോടതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നെന്നും  പക്ഷേ നീതി ലഭിച്ചില്ലെന്നും റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. കോടതിക്ക് പുറത്ത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഭാര്യ പ്രതികരിച്ചത്.

'കടുത്ത ശിക്ഷ കിട്ടുമെന്നാണ് കരുതിയത്, ഒരുപാട് സങ്കടമുണ്ടെന്ന് റിയാസ് മൗലവിയുടെ സഹോദരന്‍ പ്രതികരിച്ചു. പ്രതീക്ഷിച്ച വിധിയല്ല വന്നത്. ഏഴുവർഷം കാത്തിരുന്നത് വെറുതെയായെന്നും സഹോദരൻ മീഡിയവണിനോട് പറഞ്ഞു.

അതേസമയം, പ്രതീക്ഷിച്ച വിധിയല്ല കോടതിയിൽ നിന്നുണ്ടായതെന്ന് അഡ്വ.സി. ശുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. നിരാശജനകവും വേദനാജനകവുമായ വിധിയാണിത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.  കേസിൽ പൊലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. ഒരു സാക്ഷിയും കൂറുമാറിയിട്ടില്ല. നിർഭാഗ്യവശാൽ വിധി പ്രതീക്ഷിച്ചത് പോലെ വന്നില്ല. ഇതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

എന്നാൽ നിരപരാധികളായ മൂന്ന് ചെറുപ്പക്കാർക്ക് നീതി ലഭിച്ചെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. സുനിൽകുമാർ പറഞ്ഞു. 'പ്രതികളെ എത്രയും വേഗം പിടിക്കുക എന്ന സമ്മർദത്തിന്റെ ഫലമായി നിരപരാധികളായ ചെറുപ്പക്കാരെ പ്രതികളാക്കി പൊലീസ് മുഖം രക്ഷിക്കുകയായിരുന്നു. ഏഴുവർഷമായി പരോൾ പോലും കിട്ടാതെ മൂന്ന് ചെറുപ്പക്കാർ ജയിലിൽ കിടക്കുകയാണ്. അവർക്ക് നീതി ലഭിച്ചു. അന്വേഷണ സംഘത്തിന്റെ ശ്രമത്തിന്റെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിയാണ് നീതി ലഭിച്ചത്'. കേസ് പലരീതിയിൽ നീട്ടിക്കൊണ്ടുപോകാനും മൂന്ന് ചെറുപ്പക്കാരെ ഏഴുവർഷം ജയിലിൽ ഇടാനും അന്വേഷണ സംഘത്തിന് കഴിഞ്ഞെന്നും പ്രതിഭാഗം വക്കീൽ പറഞ്ഞു.

ഏഴ് വർഷത്തിന് ശേഷമാണ് റിയാസ് മൗലവി വധക്കേസിൽ വിധി വന്നത്. പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്. പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് പ്രതികൾ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. 

പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News