ഇത്തരം സംഘടനകളെ നിർത്തേണ്ടിടത്ത് നിർത്തണം, ആർ.എസ്.എസും ഇതുപോലെ പ്രവർത്തിക്കുന്ന സംഘടന: വിഡി സതീശൻ

''വെറുപ്പും വിദ്വേഷവും പരത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പോപുലർഫ്രണ്ടും ആർ. എസ്. എസും നടത്തുന്നത്''

Update: 2022-09-28 03:35 GMT
Advertising

പിഎഫ്‌ഐ നിരോധനത്തെ പിന്തുണച്ച് യുഡിഎഫ്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ എതിർക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഒരു കാരണവശാലും ഇത്തരം ശക്തികളുമായി സമരസപ്പെടുകയില്ല. ഇത്തരം സംഘടനകളെ നിർത്തേണ്ടിടത്ത് നിർത്തണം. വെറുപ്പും വിദ്വേഷവും പരത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പോപുലർഫ്രണ്ടും ആർ. എസ്. എസും നടത്തുന്നത്. ആർഎസ്എസിനെയും നിരോധിക്കണം അവരും ഇതുപോലെ പ്രവർത്തിക്കുന്നവാരാണെന്ന് സതീശൻ പറഞ്ഞു.

പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് തന്നെ ആർഎസ്എസിനെയും ഇത്തരത്തിൽ നിരോധിക്കണമെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം കേന്ദ്ര ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന പൊലീസിന്‍റെ നീക്കം. പി.എഫ്.ഐയുടെ പ്രധാന ഓഫീസുകൾ സീൽ ചെയ്യും. പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു.

അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്‌സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്‌സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News