Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. ഹൈബി ഈഡനും കെ.സി വേണുഗോപാലുമാണ് വിഷയം ഉയര്‍ത്തിയത്. വലിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. സിപിഎമ്മിന്റെ രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും ബിജെപി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ഹൈബി ഈഡനും ചോദിച്ചു.
കേസില്‍ ഗുരുതര ആരോപണവുമായാണ് കെ.സി വേണുഗോപാല്‍ രംഗത്തെത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കോടതി മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം. സ്വര്‍ണം കണ്ടെത്താനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. ശബരിമല ശ്രീകോവിലിന്റെ ഭാഗങ്ങള്‍ മോഷ്ടിച്ചതായും ആരോപിച്ച വേണുഗോപാല്‍ വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.