ശബരിമല സ്വർണക്കൊള്ള കേസ്; എ.പത്മകുമാറിന് ജാമ്യമില്ല
കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാറിന് ജാമ്യമില്ല . കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി.
കേസിൽ ദേവസ്വം ബോർഡിന് കൂട്ടത്തരവാദിത്തം ആണെന്നതായിരുന്നു പ്രതിഭാഗം വാദം. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്‍റെ നീക്കം. എന്നാൽ പത്മകുമാറിന് സ്വർണ കവർച്ചയിൽ നിർണായക പങ്കുണ്ട് എന്നതാണ് പ്രോസിക്യൂഷൻ വാദം.
അതിനിടെ കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. തെളിവെടുപ്പും ചോദ്യംചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന് ആവശ്യം . ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം സ്വർണക്കൊള്ള കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്ഐടിക്ക് മൊഴി നൽകും . ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാകും ചെന്നിത്തല മൊഴി നൽകുക.