ശബരിമല സ്വർണക്കൊള്ള; എ.പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തനിക്ക് മാത്രമല്ല ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്നതാണ് പത്മകുമാറിന്‍റെ വാദം. ബോർഡിന്‍റെ തീരുമാനമാണ് താൻ നടപ്പിലാക്കിയത്. മിനുറ്റ്സിൽ ചെമ്പന്നെഴുതിയത് എല്ലാവരുടെയും അറിവോടെ കൂടെയെന്നും പത്മകുമാർ സൂചിപ്പിക്കുന്നു.
തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നതുമാണ് ജാമ്യ ഹരജിയിലെ ആവശ്യം. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ദ്വാരപാലക ശിൽപ കേസിലും പ്രതി ചേർത്തതിനെ തുടർന്ന് എസ്ഐടി പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ജാമ്യാപേക്ഷയുമായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ് ബൈജുവിനും എൻ. വാസുവിനും കോടതി ജാമ്യം നൽകിയിരുന്നില്ല.