ശബരിമലയിലെ തിരക്ക് കുറയുന്നു; ഇന്നലെ ദര്‍ശനത്തിനെത്തിയത് 80,000 ത്തോളം പേര്‍

ഇന്ന് തൊണ്ണൂറായിരത്തി ഇരുനൂറ്റി എൺപത്തിയേഴ് പേർ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ തിരക്കുണ്ടാകില്ലെന്നാണ് വിലയിരുത്തൽ

Update: 2022-12-17 01:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

പത്തനംതിട്ട: ശബരിമലയിൽ അനുഭവപ്പെട്ട വൻ ഭക്തജന തിരക്ക് കുറയുന്നു . വെർച്യുല്‍ ക്യൂ ബുക്കിംഗിലൂടെ എത്തിയവരടക്കം 80,000 ത്തോളം ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്. ഇന്ന് തൊണ്ണൂറായിരത്തി ഇരുനൂറ്റി എൺപത്തിയേഴ് പേർ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ തിരക്കുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. തീർഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്ഥലങ്ങളിലും നടപ്പാക്കിയ മാറ്റങ്ങള്‍ ഫലപ്രദേമായതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത്.

ശബരിമലയിലെത്തുന്ന മുഴുവൻ തീർത്ഥാടകരെയും മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴിയാണ് കഴിഞ്ഞ ദിവസം വരെ കടത്തിവിട്ടിരുന്നത്. ഇത് മണിക്കൂറുകൾ നീണ്ട ക്യൂവിനും ഇടയാക്കിയതെന്നാണ് ദേവസ്വം ബോർഡിന്‍റെയും പൊലീസിന്‍റെയും അനുമാനം. പതിനെട്ടാം പടിയിൽ തീർഥാടകരെ കടത്തിവിടുന്നത് വേഗത്തിലാക്കിയതും ചന്ദ്രാനന്ദന് റോഡു തുറന്ന് നല്കിയതും ഭക്തർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം ശബരിമലയിൽ നിലവിലെ പൊലീസുകാർ മാറി 1,335 പേരടങ്ങുന്ന പുതിയ ബാച്ച് ഇന്ന് ചുമതലയേൽക്കും. ഈ സംഘത്തിന്‍റെ പ്രവർത്തനം കൂടി മെച്ചപ്പെട്ടാല്‍ തീർഥാടന കാലത്തെ തിരക്ക് പൂർണമായും നിയന്ത്രിക്കാനാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമാനം.

അതേസമയം ശബരിമല മേൽശാന്തി നിയമനത്തിനെതിരെ സമർപ്പിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഹരജി പരിഗണിക്കുക. കോടതി നടപടിക്രമങ്ങൾ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യും. ആദ്യമായാണ് ഹൈക്കോടതി നടപടികൾ പൊതുജനങ്ങൾക്കായി സംപ്രേഷണം ചെയ്യുന്നത്. ശബരിമല മേൽശാന്തി മലയാളി ബ്രാഹ്മണനായിരിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ദേവസ്വം ബോർഡ് കഴിഞ്ഞതവണ കോടതിയെ അറിയിച്ചിരുന്നു. മേൽശാന്തി നിയമനത്തിലെ അയിത്തം അവസാനിപ്പിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. നിലവിൽ കേരളത്തിൽ നിന്നുള്ള ബ്രാഹ്മണരെ മാത്രമാണ് മേൽശാന്തി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News