ശബരിമല സ്വര്‍ണക്കൊള്ള; സഭ ഇന്നും പ്രക്ഷുബ്ധമാകും ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്

Update: 2025-10-08 02:12 GMT
Editor : Jaisy Thomas | By : Web Desk

Photo| MediaOne

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിലെ പ്രതിഷേധം വിടാതെ പ്രതിപക്ഷം. തുടർച്ചയായ മൂന്നാം ദിവസവും നിയമസഭാ നടപടികൾ സ്തംഭിപ്പിക്കും. ചോദ്യോത്തര വേളയിൽ ശബരിമല വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും പ്രതിപക്ഷം എന്തുകൊണ്ട് അതിന് മുൻകൈ എടുക്കുന്നില്ല എന്നുമുള്ള ചോദ്യമാകും ഭരണപക്ഷ നിരയിൽ നിന്നും ഉയരുക. ചർച്ച വേണ്ടതില്ല, ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ നിലപാട്.

അതേസമയം ശബരിമല സ്വർണ മോഷണത്തിൽ യുഡിഎഫും സമരത്തിന് ഇറങ്ങും. കോൺഗ്രസിന്‍റെ മേഖല ജാഥകൾക്ക് ശേഷമുള്ള സമാപന സമ്മേളനം യുഡിഎഫിന്‍റെ ജനകീയ പ്രതിഷേധ സംഗമമാക്കി മാറ്റാൻ തീരുമാനം. 18ന് പന്തളത്താണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുക. യുഡിഎഫ് യോഗത്തിലാണ് തീരുമാനമെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിനായി അതിവേഗം സജ്ജമാകാനും യുഡിഎഫ് നേതൃയോഗത്തിൽ ധാരണയായി. ശബരിമലയിലെ സ്വർണ മോഷണവും യുഡിഎഫ് യോഗം വിശദമായി ചർച്ച ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയായി. ഇക്കാര്യം ആവർത്തിച്ചു പരിശോധിക്കണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകും.

Advertising
Advertising

ഇന്നലെയും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. സർക്കാരുമായി ചർച്ചക്കില്ലെന്ന് നിലപാടെടുത്ത പ്രതിപക്ഷം ഇന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകിയില്ല. പ്രതിപക്ഷം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്നും ധൈര്യം ഉണ്ടെങ്കിൽ സ്വർണപ്പാളി വിവാദത്തിൽ ചർച്ചക്ക് വരണമെന്നും ഭരണപക്ഷം വെല്ലുവിളിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം സഭയിലെത്തിയത് വർധിത വീര്യത്തോടെയായിരുന്നു. പ്രതിപക്ഷ അടുത്ത പ്രതിഷേധം തീർത്തപ്പോൾ 22 ആം മിനിറ്റിൽ ചോദ്യോത്തര വേള റദ്ദാക്കി സ്പീക്കർ ഇടവേളയെടുക്കുകയായിരുന്നു.

എന്നാൽ കക്ഷി നേതാക്കളുടെ യോഗം സ്പീക്കർ വിളിച്ചില്ല. വിളിച്ചാലും സഹകരിക്കില്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തു.ശ്രദ്ധക്ഷണിക്കലിന് മറുപടി പറയാനെഴുന്നേറ്റ മുഖ്യമന്ത്രി ബഹളത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. എന്നാൽ ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കവേ പി രാജീവും കെ എൻ ബാലഗോപാലും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. ആർഎസ്എസ് പുറത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളാണ് സഭയിൽ യുഡിഎഫ് സ്വീകരിക്കുന്നതെന്ന് ഭരണപക്ഷം ആവർത്തിച്ചു. ചർച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News