കെ.എം.ഷാജിക്കെതിരായ ഇ.ഡി അന്വേഷണം റദ്ദാക്കി അഞ്ചാം ദിനം പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍

സർക്കാരിനെതിരായ വിധി വന്നിട്ടും പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം വരാത്തതിൽ പാർട്ടിക്കകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം

Update: 2023-06-23 20:50 GMT

മലപ്പുറം: കെ.എം.ഷാജിക്കെതിരായ ഇ.ഡി അന്വേഷണം ഹൈക്കോടതി റദ്ദാക്കി അഞ്ചാം ദിനം പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍. സർക്കാരിനെതിരായ വിധി വന്നിട്ടും പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം വരാത്തതിൽ പാർട്ടിക്കകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

കെ.എം ഷാജിക്കെതിരായ വേട്ടയാടലിന് പിന്നിൽ രാഷ്ട്രീയ പകപോക്കലുകളാണെന്ന് കോടതി വിധിയോടെ വ്യക്തമായെന്നും പാർട്ടിക്കുവേണ്ടി പോരാട്ടം തുടരണമെന്നും സാദിഖലി തങ്ങള്‍ ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

പ്രതികരണം വൈകിയതിൽ വിമർശനവുമായി നിരവധി ആളുകളാണ് പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു.

നേരത്തെ എം.എൽ.എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരെ ഇ.ഡി കേസെടുത്തിരുന്നത്. തുടർന്ന് ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂർ മാലൂർകുന്നിലെ ഷാജിയുടെ വീടിനോടുചേർന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.

നേരത്തെ, അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാദേശിക സി.പി.എം നേതാവിന്റെ പരാതിയിൽ വിജിലൻസ് കോടതി നിർദേശപ്രകാരമാണ് വിജിലൻസ് കേസെടുത്തിരുന്നത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയിരുന്നു.

പോസ്റ്റിന്‍റെ പൂർണ രൂപം

കെ.എം ഷാജിക്കെതിരായ കേസുകളില്‍ കോടതി വിധി അദ്ദേഹത്തിന് അനുകൂലമായിരിക്കുന്നു. രാഷ്ട്രീയ പകപോക്കലുകള്‍ തന്നെയാണ് ഈ വേട്ടയാടലിന് പിന്നിൽ എന്ന് കോടതി വിധിയോടെ വ്യക്തമായി. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ച് ഷാജി നടത്തിയ പോരാട്ടം വിജയിച്ചിരിക്കുന്നു. പാർട്ടിക്കുവേണ്ടി പോരാട്ടം തുടരുക. വിജയം നമ്മോടൊപ്പമാണ്. അഭിനന്ദനങ്ങൾ ഷാജി, ഒപ്പം പ്രാർത്ഥനകളും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News