സാഹോദര്യ കേരള പദയാത്ര മേയ് 10 മുതൽ മലപ്പുറം ജില്ലയിൽ

'നാടിൻറെ നന്മക്ക് നമ്മളൊന്നാകണം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പദയാത്ര മേയ് 10ന് വൈകിട്ട് മൂന്നിന് എടപ്പാളിൽ നിന്നാണ് ജില്ലയിലെ പ്രയാണം ആരംഭിക്കുക.

Update: 2025-05-08 11:19 GMT

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര മേയ് 10 മുതൽ മലപ്പുറം ജില്ലയിൽ. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. 'നാടിൻറെ നന്മക്ക് നമ്മളൊന്നാകണം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പദയാത്ര മേയ് 10ന് വൈകിട്ട് മൂന്നിന് എടപ്പാളിൽ നിന്നാണ് ജില്ലയിലെ പ്രയാണം ആരംഭിക്കുക. സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തിയ ശേഷം പദയാത്ര മെയ് 31ന് കോഴിക്കോട് പൊതുസമ്മേളനത്തോടെ സമാപിക്കും.

സംസ്ഥാന പദയാത്രയുടെ മുന്നോടിയായി വിവിധ മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കൾ നേതൃത്വം നൽകുന്ന പ്രാദേശിക പദയാത്രകൾ ഇതിനകം പൂർത്തിയാക്കി. യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങൾ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും. മത്സ്യത്തൊഴിലാളി സംഗമം, ഡിജിറ്റൽ മീഡിയ മീറ്റ്, വഴിയോര കച്ചവടക്കാരുടെ സംഗമം, ആദിവാസി ഭൂസമര പ്രവർത്തകരുടെ സംഗമം, പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ സംഗമം, തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.

സാഹോദര്യ കേരള പദയാത്രയുടെ ആശയങ്ങൾ ഉയർത്തുന്ന വിവിധ ആവിഷ്‌കാരങ്ങൾ, കലാപരിപാടികൾ എന്നിവ ജാഥയുടെ ഭാഗമായി നടക്കും. 'സാഹോദര്യ കേരളം' എന്ന ആശയത്തെ മുൻനിർത്തി പാർട്ടി ഘടകങ്ങൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. പാർട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം 'വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം' പദയാത്രയുടെ ഭാഗമായി അരങ്ങേറും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News