സർക്കാറിന്റെ ഇടപെടൽ കാത്ത് ബന്ദികളാക്കപ്പെട്ട നാവികർ; ഭക്ഷണവും വെള്ളവും എത്തിച്ച്‌ ഇന്ത്യൻ എംബസി

11 മണിക്കൂറിലധികം പട്ടിണി കിടന്നെന്ന മലയാളി നാവികന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു എംബസിയുടെ നടപടി

Update: 2022-11-09 01:03 GMT
Editor : Lissy P | By : Web Desk

കൊച്ചി: സർക്കാരിന്റെ ഇടപെടൽ കാത്ത് ഗിനിയയിൽ ബന്ദികളാക്കപ്പെട്ട നാവികർ. മലയാളികൾ ഉൾപ്പെടെ 26 പേരാണ് ജയിലിലും കപ്പലിലുമായി ഇനിയെന്തെന്നറിയാതെ കഴിയുന്നത്. ഇന്നലെ ജയിലിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തിച്ചിരുന്നു.

നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് ഗിനിയൻ നേവി മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ട് മലയാളികൾ ഉൾപ്പെട്ട 15 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാത്രിയോടെ ജയിലിലേക്ക് മാറ്റി. നേവൽ ഓഫീസർ മലയാളിയായ സാനു ജോസഫും മറ്റ് അംഗങ്ങളും ഇപ്പോഴും കപ്പലിൽ തുടരുകയാണ്.

Advertising
Advertising

നാവികരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുളള രേഖകൾ ഗിനിയൻ അധികൃതർ പിടിച്ചുവാങ്ങിയിരിക്കുകയാണ്. ജയിലിലേക്ക് മാറ്റിയ നാവികരെ എംബസി ഉദ്യോഗസ്ഥർക്ക് കാണാനായില്ലെങ്കിലും ഭക്ഷണവും വെള്ളവും എത്തിക്കാനായി. 11 മണിക്കൂറിലധികം പട്ടിണി കിടന്നെന്ന മലയാളി നാവികന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു എംബസിയുടെ നടപടി. കേന്ദ്ര സർക്കാർ ഇടപെട്ട് മോചനം വേഗത്തിൽ സാധ്യമാക്കണമെന്നാണ് നാവികരും കുടുംബവും ആവശ്യപ്പെടുന്നത്.

മോചനം ഉടൻ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ഇന്ന് വൈകീട്ട് ഐക്യദാർഢ്യ പരിപാടി നടക്കും തടവിലാക്കപ്പെട്ട മലയാളി നാവികരുടെ കുടുംബങ്ങളും എറണാകുളത്തെ നാവികരും പരിപാടിയിൽ പങ്കെടുക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News