ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസ് അവസാനിപ്പിക്കാൻ നീക്കം; സജി ചെറിയാന്റെ തിരിച്ചുവരവ് ചർച്ചയാകുന്നു

സജിക്കെതിരെ തെളിവില്ലെന്ന് വിലയിരുത്തിയാണ് കേസ് അവസാനിപ്പിക്കുന്നത്

Update: 2022-12-05 01:28 GMT

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസ് അവസാനിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങിയതോടെ സജി ചെറിയാന്റെ മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ചർച്ചയാകുന്നു. സജിക്കെതിരേ തെളിവില്ലെന്ന് വിലയിരുത്തിയാണ് കേസ് അവസാനിപ്പിക്കുന്നത്. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായാൽ സജി ചെറിയാന്റെ മടങ്ങിവരവ് വൈകില്ല.

ഭരണഘടനയെ വിമർശിച്ച് കുരുക്കിലായ സജി ചെറിയാൻ രാജിവച്ചപ്പോൾ പകരം മന്ത്രിയെ സിപിഎം തീരുമാനിച്ചിരുന്നില്ല. അതിനുശേഷം എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായപ്പോൾ എം ബി രാജേഷ് മന്ത്രിസഭയിലെത്തി. അപ്പോഴും സജിയുടെ കസേര ഒഴിച്ചിട്ടു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാൻ കേസിൽ കുറ്റവിമുക്തനായി തിരിച്ചുവരുമ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്താനായിരുന്നു ഇത്.

Advertising
Advertising

സജിക്കെതിരെയുള്ള പരാതി നിലനിൽക്കില്ലെന്ന് അന്നേ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ രാജിവച്ചത് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരണഘടനയ്‌ക്കെതിരെ പ്രസംഗിച്ചതിലെ ധാർമിക വശം ഉയർത്തിക്കാട്ടിയാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിന് നിലപാടും രാജി തീരുമാനത്തിൽ നിർണായകമായിരുന്നു. ഇപ്പോൾ കേസ് ഒഴിവായാലും ധാർമികതയുടെ വിഷയം അതേപടി നിലനിൽക്കില്ലേ എന്ന ചോദ്യം ഉയരും. മന്ത്രിമാരുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തുന്ന വെല്ലുവിളിയും ചെറുതല്ല. സർക്കാരുമായുള്ള പോരിനിടെ പലതവണ സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ കാര്യം ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയൊരാൾ മന്ത്രിസഭയിലേക്ക് തിരിച്ചു വരുമ്പോൾ ഗവർണർ എന്തു നിലപാടെടുക്കും എന്നതും നിർണായകമാകും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News