'ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ'; ബുദ്ധദേബിനെതിരെ സന്ദീപ് വാര്യർ

പത്മഭൂഷൺ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് പുരസ്‌കാരം നിരസിക്കുന്നതായി ബുദ്ധദേബ് അറിയിച്ചത്

Update: 2022-01-26 08:06 GMT
Editor : abs | By : Web Desk

പാലക്കാട്: പത്മ പുരസ്‌കാരം നിരസിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്‌ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പത്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബെന്നും ചൈനയോ ക്യൂബയോ നൽകുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങുമായിരുന്നുവെന്നും സന്ദീപ് ഫേസ്ബുക്കിൽ പരിഹസിച്ചു. 

'പദ്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബ് ഭട്ടാചാര്യ. സുകുമാർ അഴീക്കോടും പദ്മ അവാർഡ് തിരസ്‌കരിച്ചിട്ടുണ്ട്. പക്ഷെ ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഒരു മുൻ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ.' - എന്നാണ് അദ്ദേഹം എഴുതിയത്. 

Advertising
Advertising


പത്മഭൂഷൺ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് പുരസ്‌കാരം നിരസിക്കുന്നതായി ബുദ്ധദേബ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററിൽ പങ്കുവച്ചു. എന്നാൽ, ബുദ്ധദേബ് ഭട്ടാചാര്യയെ വിളിച്ചിരുന്നു എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. സുഖമില്ലാത്തതിനാൽ ഭാര്യയാണ് സംസാരിച്ചത്. പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നും അദ്ദേഹം പുരസ്‌കാരം നിരസിക്കുന്നതായി കുടുംബത്തിലെ ആരെങ്കിലും അറിയിച്ചിട്ടില്ല എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് കേന്ദ്രസർക്കാർ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്കാണ് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്‌കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പത്മഭൂഷൺ. പത്മശ്രീ അടക്കം ആകെ 128 പുരസ്‌കാര ജേതാക്കളാണുള്ളത്. നാലു മലയാളികൾക്കും പത്മ ശ്രീ ലഭിച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News