തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ഇടതുമുന്നണി യോഗം ഇന്ന്
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ മുഖ്യമന്ത്രിക്ക് വിമർശനം
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന സിപിഐ വിലയിരുത്തലിനിടെയാണ് യോഗം ഇന്ന് ചേരുന്നത്. തിരിച്ചടിയുടെ കാരണങ്ങളാകും യോഗം ചർച്ചചെയുക. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് സിപിഎം. ശബരിമല സ്വർണക്കൊള്ള ബാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
എന്നാൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരം എന്നാണ് വിലയിരുത്തിയത്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നതും ഇടതുമുന്നണിയോഗം ചർച്ച ചെയ്യും. രാവിലെ പത്തരയ്ക്കാണ് യോഗം ചേരുക.
അതിനിടെ, എൽഡിഎഫ് അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞദിവസം പറഞ്ഞു. ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്. കൊല്ലം കോർപറേഷനിലെ തോൽവി ഗൗരവപൂർണമായി പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ആരുമായും സഖ്യത്തിനില്ല. പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ലെന്നും ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടിയ കോൺഗ്രസുമായി നീക്കുപോക്കിനില്ല. തിരുവനന്തപുരത്ത് എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും കോൺഗ്രസും പരസ്പര സഹായം ചെയ്‌തെന്നും ഗോവിന്ദൻ ആരോപിച്ചു.