കല്യാണിയെ കൊന്നതെന്തിന്?; അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്
താൻ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്
ആലുവ: എറണാകുളം ആലുവയിൽ മകളെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ സന്ധ്യയെ റിമാൻഡ് ചെയ്തു. കേസിൽ അടുത്ത ബന്ധുക്കളെയും ഉടൻ ചോദ്യം ചെയ്യും.
14 ദിവസത്തേക്കാണ് അമ്മ സന്ധ്യയെ റിമാൻഡ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രി സന്ധ്യയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ശേഷം 10 മണിയോടെ സന്ധ്യയെ കാക്കനാട് വനിത ജയിലിലേക്ക് മാറ്റി. കേസിൽ വിശദമായി അന്വേഷണം നടത്താൻ പൊലീസ് ഉടൻ സന്ധ്യക്കായി കസ്റ്റഡി അപേക്ഷ നൽകും.
അതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുക. താൻ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതിനായി സന്ധ്യയെ പൊലീസ് കൂടുതൽ വിശദമായി ചോദ്യം ചെയ്യും. ഭർതൃ വീട്ടിൽ നിന്ന് മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്ന് സന്ധ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഈ മൊഴിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ സന്ധ്യയുടെ കുടുംബത്തെയും പൊലീസ് ചോദ്യം ചെയ്യും. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മുൻപ് പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്ന പരാതികളും വിശദമായി അന്വേഷിക്കും.