Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനു ബദലായി വിശ്വാസ സംഗമം നടത്താന്‍ സംഘപരിവാര്‍ നീക്കം. 22 നു പന്തളത്ത് വിശ്വാസ സംഗമം നടത്താനാണ് നീക്കം. അമിത് ഷാ, യോഗി ആദിത്യ നാഥ് അടക്കമുള്ളവരെ എത്തിക്കാനും ശ്രമമുണ്ട്..
ശബരിമല ഐക്യസമിതിയും ഹിന്ദു ഐക്യവേദിയുമാണ് വിശ്വാസ സംഗമം നടത്തുന്നത്. സംഗമത്തില്‍ പന്തളം കൊട്ടാരത്തെ പങ്കെടുപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ നാളെ പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം.
അയ്യപ്പന്‍ എന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ കാപട്യത്തെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ നാല് വര്‍ഷമായിട്ടും പിന്‍വലിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.