ജാനകി ഓംകുമാറിനെതിരെ വീണ്ടും സംഘപരിവാര്‍ വ്യാജപ്രചരണം; യാഥാര്‍ത്ഥ്യം വിശദീകരിച്ച് ജാനകി

ജാനകിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ സൃഷ്ടിച്ചാണ് പ്രചാരണം

Update: 2021-06-07 15:52 GMT
Advertising

സഹപാഠിക്കൊപ്പം ഡാന്‍സ് കളിച്ചതിന്റെ പേരില്‍ വിദ്വേഷപ്രചാരണത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജാനകി ഓംകുമാറിനോടുള്ള കലിയടങ്ങാതെ സംഘപരിവാര്‍. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉന്നത കലാലയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു സെമിനാറില്‍ ജാനകി പങ്കെടുത്തതിന്റെ പേരിലാണ് ഇപ്പോള്‍ വിദ്വേഷപ്രചാരണം.

സ്‌ക്വില്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ ഒരു അതിഥിയായാണ് ജാനകി പങ്കെടുത്തത്. മെയ് 30നായിരുന്നു പരിപാടി. ഇത് സംഘടിപ്പിച്ചത് എസ്.ഐ.ഒ ആണ് എന്നു പറഞ്ഞുകൊണ്ടുള്ള വ്യാജ പോസ്റ്റര്‍ സൃഷ്ടിച്ചാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. യുക്തിവാദി നേതാവ് എന്നറിയപ്പെടുന്ന ജാമിത ടീച്ചറാണ് ഈ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. പിന്നീട് പ്രതീഷ് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കള്‍ ഇത് ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ജാനകി ഓംകുമാര്‍ രംഗത്തെത്തി. മെയ് 30ന് നടത്തിയ പരിപാടിയിലാണ് ജാനകി പങ്കെടുത്തത്. പരിപാടിയില്‍ അവര്‍ ഒരു പ്രാസംഗിക പോലുമായിരുന്നില്ല. അതിഥി മാത്രമായിരുന്നു. ഈ പരിപാടിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് തിയ്യതി മാറ്റി സംഘടനയുടെ പേര് കൂട്ടിച്ചേര്‍ത്താണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ജാനകി പറഞ്ഞു.

Full View

നേരത്തെ സഹപാഠിക്കൊപ്പം ഡാന്‍സ് കളിച്ച ജാനകിക്കെതിരെ ലൗജിഹാദ് ആരോപണവുമായി സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അന്ന് ജാനകിക്ക് വലിയ പിന്തുണനല്‍കി സമൂഹം അവരുടെ കൂടെ നിന്നു. ഇതോടെ പ്രചാരണം പാളിയെന്ന് മനസിലാക്കിയവര്‍ പിന്‍മാറുകയായിരുന്നു. അതിന് പിന്നാലെയാണ് തങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു എന്ന് സ്ഥാപിക്കാന്‍ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം ജാനകി വ്യക്തമാക്കിയിട്ടും പ്രചാരണം അവസാനിപ്പിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ തയ്യാറായിട്ടില്ല.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News