Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: മല്ലികാ സാരാഭായിക്ക് നേരെയുണ്ടായ സമ്മർദം സങ്കടകരമാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. ആശാ സമരം സർക്കാരിനെ അട്ടിമറിക്കാനുള്ള സമരമല്ലെന്നും ആശമാരുടെ ആവശ്യം പരിഗണിച്ച് സർക്കാർ സമരം അവസാനിപ്പിക്കണമെന്നും സാറാ ജോസഫ് പറഞ്ഞു.
സർക്കാർ സമരം അവസാനിപ്പിക്കണം. അല്ലെങ്കിൽ ആശമാർ സമരം നിർത്തി പോകണം. ഇത് രണ്ടും ഉണ്ടാകാത്ത സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ പ്രതികരണം ഉണ്ടാകും. അത്തരം പ്രതികരണമാണ് ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരങ്ങളെന്നും സാറാ ജോസഫ് പറഞ്ഞു. ശൈലജ മിണ്ടേണ്ട, ശ്രീമതി മിണ്ടേണ്ട എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശാസമരമെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.
ആശാ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ് പറഞ്ഞിരുന്നു. സാമൂഹ്യമാധ്യമ കുറിപ്പിലൂടെയായിരുന്നു മല്ലിക സാരാഭായ് ഇക്കാര്യം വ്യക്തമാക്കിയത്. ആശാ പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന സാംസ്കാരികപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലിക സാരാഭായിക്ക് അഭിപ്രായവിലക്ക്. ആരാണ് വിലക്കിയതെന്ന് വ്യക്തമാക്കിയില്ലെങ്കിലും കടുത്ത അതൃപ്തി പ്രകടമാക്കി മല്ലിക ഫെയ്സ്ബുക് പോസ്റ്റിട്ടു.