സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നൽകിയ ഹരജി തള്ളി

ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത

Update: 2022-06-18 07:45 GMT
Editor : Lissy P | By : Web Desk

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത നൽകിയ ഹരജി തള്ളി.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹരജി തള്ളിയത്. കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു.

തന്നെ കുറിച്ചും സ്വപ്നയുടെ മൊഴിയിൽ പരാമർശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അക്കാര്യങ്ങളിലെ വിശദമായ വിവരങ്ങളറിയാൻ അവകാശമുണ്ടെന്നുമായിരുന്നു സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറഞ്ഞിരുന്നത്. മൊഴിപ്പകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി.

Advertising
Advertising

സ്വപ്ന പറയുന്നതിൽ സത്യമുണ്ടെങ്കിൽ കൂടെ നിൽക്കാൻ തയാറാണെന്നും പക്ഷേ ആരോപണങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ലെന്നും സരിത പറഞ്ഞു.മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലിൽ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയിരുന്നു . ഗൂഢാലോചന കേസിലെ അന്വേഷണത്തിന് രഹസ്യമൊഴി ആവശ്യമാണെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തു കൊണ്ടു വരാൻ രഹസ്യ മൊഴി പരിശോധിക്കണമെന്നും അറിയിച്ചാണ് സ്വപ്നയുടെ രഹസ്യമൊഴി ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടത്. ഈ ആവശ്യമാണിപ്പോള്‍ കോടതി തള്ളിയത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News