ഇസ്രായേലിന്റെ ഇറാൻ ആക്രമണം ന്യായീകരിക്കാൻ കഴിയാത്തത്; പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾക്ക് കാരണം സയണിസ്റ്റ് രാഷ്ട്രം: സത്താർ പന്തല്ലൂർ

യുഎസുമായി നടത്തിവരികയായിരുന്ന ആണവചർച്ച പൂർത്തീകരിക്കും മുമ്പാണ് ഇപ്പോഴത്തെ ആക്രമണം ഉണ്ടായതെന്നതിനാൽ, സമാധാനം ഇസ്രായേൽ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാണെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു.

Update: 2025-06-13 11:09 GMT

കോഴിക്കോട്: യാതൊരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിച്ച ഇസ്രായേൽ നടപടി ഒരു നിലക്കും ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. ഇസ്രായേൽ എന്ന രാജ്യം എന്താണെന്ന് ഒരിക്കൽകൂടി വ്യക്തമാക്കിത്തരുന്നതാണ് ഈ ആക്രമണം. ഒരുനിലക്കും ന്യായീകരിക്കാൻ കഴിയാത്ത നിർലജ്ജമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആണവരാജ്യമായ ഇറാനുമായി നേരിട്ട് ഏറ്റുമുട്ടാൻ ഇസ്രായേലിന് ധൈര്യമില്ലാത്തതിനാൽ യുഎസിന്റെ സഹായത്തോടെയും അറിവോടെയുമാണ് ഇപ്പോഴത്തെ ആക്രമണമെന്ന് വ്യക്തമാണ്. സാമ്പത്തികമായി തകർന്ന, ഒരു ഇന്ത്യൻ രൂപക്ക് 490 ഇറാൻ റിയാൽ നൽകേണ്ടിവരികയും ചെയ്യുന്നത്ര രാജ്യത്തിന്റെ കറൻസി മൂല്യം ഇടിയുകയും ചെയ്ത പരിതാപകരമായ അവസ്ഥയിൽ കഴിയുന്നതിനിടെയാണ് ഓർക്കാപ്പുറത്ത് ഇസ്രായേലിന്റെ ആക്രമണത്തെക്കൂടി ഇറാൻ അതിജീവിക്കേണ്ടിവരുന്നത്. യുഎസുമായി നടത്തിവരികയായിരുന്ന ആണവചർച്ച പൂർത്തീകരിക്കും മുമ്പാണ് ഇപ്പോഴത്തെ ആക്രമണം ഉണ്ടായതെന്നതിനാൽ, സമാധാനം ഇസ്രായേൽ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാണ്.

Advertising
Advertising

മുമ്പ് ഇറാഖിൽ സദ്ദാം ഹുസൈനെ അട്ടിമറിക്കാനും അധിനിവേശം നടത്താനും അതുവഴി ലക്ഷങ്ങളെ കൊല്ലാനും യുഎസ് പറഞ്ഞ ന്യായം കൂട്ടനശീകരണ ആയുധം കൈവശംവെക്കുന്നു എന്നതായിരുന്നു. പിന്നീടത് കള്ളമാണെന്ന് തെളിഞ്ഞതാണ്. ആണവായുധം കൈവശംവെക്കുന്നുവെന്നത് ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധവെറിക്കുള്ള ഒരു ന്യായം മാത്രമാണ്. 2023ൽ ഹമാസിന്റെ മിന്നലാക്രമണം ഉണ്ടായിരുന്നില്ലെങ്കിലും ഗസ്സ ഒരിക്കലും ശാന്തമാകുമായിരുന്നില്ലല്ലോ. മിഡിലീസ്റ്റിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം 1948ലെ സയണിസ്റ്റ് രാജ്യത്തിന്റെ നിയമവിരുദ്ധമായ പിറവിയാണെന്ന യാഥാർഥ്യം അംഗീകരിക്കാതെ, മേഖലയിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരുനിരീക്ഷണവും സത്യസന്ധമാകില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News