ഇറങ്ങിയത് സർവകക്ഷി യോഗത്തിന്; എസ്ഡിപിഐ കൗൺസിലറെ അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുത്ത് പൊലീസ്
മന്ത്രി സജി ചെറിയാൻ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിലാണ് നവാസ് പങ്കെടുക്കേണ്ടിയിരുന്നത്
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. കലക്ടറേറ്റിൽ നടക്കുന്ന സർവകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്ഡിപിഐ നേതാവിനെ പൊലീസ് അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം കരുതൽ തടങ്കലിലാണ് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
മന്ത്രി സജി ചെറിയാൻ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിലാണ് നവാസ് പങ്കെടുക്കേണ്ടിയിരുന്നത്. എംപിമാരും എംഎൽഎമാരും വിവിധ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച ചേരാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ രൺജീത്തിന്റെ സംസ്‌കാരം നടക്കുന്നതിനാൽ പങ്കെടുക്കാനാകില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചതോടെയാണ് യോഗം ഇന്നത്തേക്കു മാറ്റിയത്.
ആലപ്പുഴയിലെ പോലീസ് സംവിധാനം വാമൂടി കെട്ടിയിരിക്കുകയാണെന്ന് സർവകക്ഷി യോഗത്തിൽ ബിജെപി നേതാവ് കെ സോമൻ കുറ്റപ്പെടുത്തി. പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയാണ് ഉള്ളത്. ആർ.എസ്.എസിന്റെ പ്രതിനിധിയെ മനപ്പൂർവ്വം സർവ്വകക്ഷി യോഗത്തിൽ ക്ഷണിച്ചില്ല. പോസ്റ്റമോർട്ടം നടത്തുന്ന വിഷയത്തിൽ കേന്ദ്ര മന്ത്രിയെ വരെ കബിളിപ്പിച്ചു- അദ്ദേഹം കുറ്റപ്പെടുത്തി.
ആർഎസ്എസ് നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു എന്നാണ് എസ്.ഡി.പി.ഐ നേതാവ് എംഎം താഹിർ പറഞ്ഞത്. ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്. വത്സൻ തില്ലങ്കേരി ആലപ്പുഴയിൽ വന്നതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാവ് രൺജീതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന രക്തക്കറ പുരണ്ട രണ്ട് ബൈക്കുകൾ കണ്ടെത്തി. എസ്ഡിപിഐ നേതാവ് കെ.എസ് ഷാനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രൺജീത്ത് കൊല്ലപ്പെട്ടത്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.