'ആദിലും അനന്ദുവും കെഎസ്‍യു പ്രവർത്തകരാണ്, അവർ ഓടിരക്ഷപ്പെട്ടു'; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് എസ്എഫ്ഐ
റെയ്‌ഡ് നടക്കുമ്പോൾ താൻ കോളേജിന് പുറത്തായിരുന്നുവെന്ന് കേസിലെ പ്രതിയും എസ്എഫഐ നേതാവുമായ അഭിരാജ്
കൊച്ചി: കളമശ്ശേരിയിലെ കഞ്ചാവ് കേസിൽ കെഎസ്‍യുവിനെതിരെ എസ്എഫ്ഐ. കഞ്ചാവ് പിടികൂടിയായ ആകാശിന് ഒപ്പം കെഎസ്‍യു പ്രവർത്തകനായ ആദിൽ ഉണ്ടായിരുന്നു.പൊലീസിനെ കണ്ട് ഇറങ്ങിയോടിയ ആദിൽ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ എസ്എഫ്ഐനേതാവും യൂണിയന്‍ സെക്രട്ടറിയുമായ അഭിരാജിന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും യൂണിയൻ അംഗങ്ങൾക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും എസ്എഫ്ഐ കളമശ്ശേരി ഏരിയ സെക്രട്ടറി ദേവരാജ് പറഞ്ഞു.
ഹോസ്റ്റൽ മുറിയിൽ റെയ്‌ഡ് നടക്കുമ്പോൾ താൻ കോളേജിന് പുറത്തായിരുന്നുവെന്ന് അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.തന്‍റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ലായിരുന്നു. ഹോസ്റ്റലിലേക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നിൽക്കുകയായിരുന്നുവെന്നും തന്റെ മുറിയിൽ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞുവെന്നും അഭിരാജ് പറഞ്ഞു. യൂണിയന്‍ സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോള്‍ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിരാജ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആകാശ് എം, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവുമാണ് പിടിച്ചെടുത്തത്.