താൻ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ കുഞ്ഞുമോളെ കണ്ടു; ഓയൂരിലെ ആറ് വയസുകാരിയെ സന്ദർശിച്ച് ഷാജഹാൻ

കുട്ടിയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ഇരുവരും കൈയിൽ കരുതിയിരുന്ന മധുരപലഹാരങ്ങളും മിഠായികളും അടക്കമുള്ള ഉപഹാരവും കൈമാറി.

Update: 2023-12-03 15:46 GMT

കൊല്ലം: ഓയൂരിൽ നിന്ന് മൂന്നം​ഗ കുടുംബം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ വീട്ടിലെത്തി സന്ദർശിച്ച് വ്യാജവാർത്തയ്ക്കിരയായി വീടാക്രമിക്കപ്പെട്ട ഷാജഹാനും മകളും. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഷാജഹാൻ കുട്ടിയെ സന്ദർശിച്ചത്. വീട്ടിലെത്തിയ ഷാജഹാനെയും മകളേയും ആറ് വയസുകാരിയുടെ പിതാവും മാതാവും ചേർന്ന് സ്വീകരിച്ചു.

കുട്ടിയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ഇരുവരും കൈയിൽ കരുതിയിരുന്ന മധുരപലഹാരങ്ങളും മിഠായികളും അടക്കമുള്ള ഉപഹാരവും കൈമാറി. ഷാജഹാനെ കണ്ട കുട്ടിയും കൈകൊടുത്ത് ഏറെ സന്തോഷത്തോടെയാണ് സംസാരിച്ചതും. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഷഫീഖ് ചോഴിയക്കോടും സെക്രട്ടറി നാസർ യൂസുഫുമാണ് കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്തത്.

Advertising
Advertising

വാർത്ത കണ്ട് ആദ്യം തെറ്റിദ്ധരിച്ചിരുന്നെന്നും പിന്നീട് താങ്കൾ നിരപരാധിയാണെന്ന സത്യം ബോധ്യമായെന്നും കുട്ടിയുടെ വീട്ടുകാർ ഷാജഹാനോട് പറഞ്ഞു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നെന്നും വൈകാരിക നിമിഷങ്ങൾക്കാണ് ഈ സമയം കുട്ടിയുടെ വീട് സാക്ഷ്യം വഹിച്ചതെന്നും നാസർ യൂസുഫ് മീഡിയവൺ ഓൺലൈനിനോട് പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന സംശയിക്കുന്നയാളെന്ന രീതിയിൽ ആദ്യമായി പുറത്തുവന്ന രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ചന്ദനത്തോപ്പ് സ്വദേശിയായ ഷാജഹാൻ, തനിക്ക് കൃത്യത്തിൽ പങ്കില്ലെന്നും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള മരുമകന്റെ അടുത്താണ് സംഭവദിവസം ഉണ്ടായിരുന്നതെന്നും തെളിവുസഹിതം ബോധ്യപ്പെടുത്തിയിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ട പൊലീസ് ഷാജഹാനെ തിരികെ അയയ്ക്കുകയും കൃത്യത്തിൽ പങ്കില്ലെന്ന് ഉന്നത ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ, സ്റ്റേഷനിൽ ഹാജരായ ഷാജഹാനെതിരെ തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി പിടിയിൽ എന്ന രീതിയിൽ ഒരു സ്വകാര്യ ടി.വി ചാനൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഇതേറ്റുപിടിച്ച് പ്രദേശത്തെ സംഘ്പരിവാർ അനുകൂലികൾ ഇദ്ദേഹത്തിന്റെ വീട് തകർക്കുകയുമായിരുന്നു. ഇതിനു പിന്നാലെ ഷാജഹാനെ സന്ദർശിച്ചപ്പോഴാണ് തനിക്ക് കുട്ടിയെ സന്ദർശിക്കണം എന്ന ആ​ഗ്രഹം ഇദ്ദേഹം പങ്കുവച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും നാസർ യൂസുഫ് വ്യക്തമാക്കി.

അതേസമയം, വീട് തകർത്ത സംഭവത്തിൽ ഷാജഹാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - ഷിയാസ് ബിന്‍ ഫരീദ്

contributor

Similar News