വാവർ തീവ്രവാദിയും മുസ്‌ലിം ആക്രമണകാരിയുമാണെന്ന പരാമർശം; ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദക്ക് എതിരെ കേസെടുത്തു
ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശാന്താനന്ദ വിദ്വേഷ പരാമർശം നടത്തിയത്
പത്തനംതിട്ട: സംഘ്പരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമർശത്തിൽ കേസെടുത്തു. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദക്ക് എതിരെയാണ് പന്തളം പൊലീസ് കേസെടുത്തത്.
ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശാന്താനന്ദ വിദ്വേഷ പരാമർശം നടത്തിയത്. വാവർ തീവ്രവാദിയും മുസ്‌ലിം ആക്രമണകാരിയും ആണെന്നായിരുന്നു പരാമർശം. അയ്യപ്പനെ തോൽപ്പിക്കാൻ എത്തിയതാണ് വാവരെന്നും വാവരുടെ ചരിത്രം തെറ്റായാണ് പ്രചരിപ്പിക്കുന്നതെന്നും ശാന്താനന്ദ പറഞ്ഞിരുന്നു.
''വാപുരൻ എന്നുപറയുന്നത് ഇല്ലാ പോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്'' -ഇങ്ങനെയായിരുന്നു വാക്കുകൾ.
ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു സംഗമത്തിന്റെ ഉദ്ഘാടകൻ.