അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്തുനിന്ന് പോയ എംഎസ്‌സി എൽസ 3 കപ്പൽ; 20 പേരെ രക്ഷപ്പെടുത്തി

24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

Update: 2025-05-24 13:02 GMT

കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്തുനിന്ന് പോയ എംഎസ്‌സി എൽസ 3 കപ്പൽ. 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒമ്പതുപേർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. 20 പേരെ രക്ഷപ്പെടുത്തിയതായാണ് ഏറ്റവും പുതിയ വിവരം.

കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാവികസേനയുടെ ഒരു ഡോർണിയർ ഹെലികോപ്റ്റരും പുറപ്പെട്ടിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

ഉച്ചക്ക് 1.25ന് ആണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. അപകടം നടന്ന ഉടനെ എംഎസ്‌സി കമ്പനി അധികൃതർ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ലൈബീരിയൻ ഫ്‌ളാഗ് ഉള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്.

കപ്പലിൽ നിന്ന് അപകടകരമായ കാർഗോകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീരദേശ മേഖലയിൽ കാർഗോകൾ എത്താൻ സാധ്യതയുണ്ട്. ഇവ തൊടരുതെന്നും തീരത്ത് എണ്ണപ്പാട കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News