Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ അവശിഷ്ടങ്ങളില്‍ കുടുങ്ങി വലകള്‍ നശിച്ചതായി മത്സ്യ തൊഴിലാളികള്‍. കടലില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കാത്തത് ഗുരുതര പ്രതിസന്ധിയാണെന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. വൈപ്പിന്‍ ഹാര്‍ബറിലെ തൊഴിലാളികളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഭൂരിഭാഗം വള്ളങ്ങളുടെയും വലകള്‍ നശിക്കുകയാണ്. ആറ് ലക്ഷം രൂപയുടെ വലകള്‍ നഷ്ടത്തിലായിട്ടുണ്ട്. 40 ലക്ഷം രൂപ മുടക്കിയാണ് ഇപ്രാവശ്യം തൊഴില്‍ ചെയ്യാനായി കടലിലേക്ക് ഇറങ്ങിയത്. കോസ്റ്റല്‍ പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിലൂടെ ഒഴുകി നടക്കുകയാണ്. പരാതി സ്വീകരിക്കാത്തതിലും ആരോപണമുണ്ട്. ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ അറിയിച്ചു.