Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തെ തുടർന്നുള്ള ശിവപ്രിയയുടെ മരണം ബാക്ടീരിയൽ അണുബാധ മൂലം തന്നെയെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ നിന്നാണ് അണുബാധ ഉണ്ടായതെന്ന് പറയാനാകില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ടിൽ പറഞ്ഞു. വിദഗ്ധ അന്വേഷണ സമിതി റിപ്പോർട്ട് ഡിഎംഇക്ക് കൈമാറി.
സ്റ്റഫൈലോകോക്കസ് ബാക്ടീരിയയാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഈ ബാക്ടീരിയ സാധാരണ പൊതുസ്ഥലങ്ങളിലും കാണപ്പെടാമെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ട് എവിടെ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്
നവംബർ ഒൻപതിനാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയെ തുടർന്ന് മരിച്ചത്. ഒക്ടോബർ 22ന് എസ്എടി ആശുപത്രിയിലായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നായിരുന്നു ബന്ധുക്കളുടെ പരാതി.
ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള നാലംഗ വകുപ്പ് മേധാവിമാരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.