പോക്‌സോ കേസ്; നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചു

കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി

Update: 2022-07-08 08:45 GMT

തൃശൂർ: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. കുട്ടികൾക്ക് മുൻപിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിലാണ് ജാമ്യഹരജി. മാനസിക രോഗിയായതിനാൽ തനിക്ക് ജാമ്യം നൽകണം. കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്. കേസിൽ ജയിലിലടച്ചാൽ തന്റെ രോഗം കൂടുമെന്നും ശ്രീജിത്ത് രവി സമർപിച്ച ഹരജിയിൽ പറയുന്നു.

കേസിൽ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തിന് ശേഷം പ്രതിയുടെ ജാമ്യ ഹരജി കോടതി പരിഗണിക്കും. പ്രതിയുടേത് രണ്ടാമത്തെ കുറ്റകൃത്യമാണെന്നും ആദ്യത്തേത് ഒത്തുതീർപ്പാക്കിയെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. തൃശൂർ പോക്‌സോ കോടതിയിലാണ് ശ്രീജിത്ത് രവിയെ പൊലീസ് ഹാജരാക്കിയത്.

Advertising
Advertising

രോഗം മൂലമാണ് കുറ്റം ചെയ്തതെന്നും കൂടുതൽ ചികിത്സ തേടേണ്ടതുണ്ടെന്നുമായിരുന്നു കോടതിയിൽ ശ്രീജിത്ത് രവിയുടെ വാദം. മാനസിക രോഗിയായതിനാൽ തനിക്ക് ജാമ്യം നൽകണമെന്നാണ് ശ്രീജിത്ത് രവി കോടതിയിൽ ആവശ്യപ്പെട്ടത്. രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ രേഖയും ശ്രീജിത്ത് രവി കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും ഇന്നത്തെ ദിവസം ഡോക്ടർ നൽകിയ രേഖ കേസിൽനിന്നും തന്ത്രപൂർവം രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ചലച്ചിത്ര താരമായ ശ്രീജിത്ത് രവിയെ ജാമ്യത്തിൽ വിട്ടാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്നതിനാണ് നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീലം കാണിച്ചെന്നാണ് കേസ്. 14ഉം 9ഉം വയസുള്ള കുട്ടികൾക്കു മുന്നിൽ നഗ്‌നതാപ്രദർശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. കറുത്ത കാറിലെത്തിയ പ്രതി നഗ്‌നത പ്രദർശനം നടത്തിയെന്നാണ് കുട്ടികൾ മൊഴി നൽകിയത്. മുൻ പരിചയമുള്ള ആളാണെന്നെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാറിന്റെ വിവരങ്ങൾ ലഭ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇതിന് മുമ്പും സ്‌കൂൾ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്‌നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുത്തുവെന്നായിരുന്നു പരാതി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News