ഒറ്റപ്പാലത്ത് എസ്ഐക്കും കസ്റ്റഡിയിലായിരുന്ന യുവാവിനും വെട്ടേറ്റു
ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സംഘർഷം തടയാനെത്തിയ എസ് ഐ അടക്കം രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനാണ് വെട്ടേറ്റത്. കോഴിക്കോട് കടലുണ്ടി ടിഎംഎച്ച് ആശുപത്രിയിലുണ്ടായ മദ്യപ സംഘത്തിന്‍റെ അതിക്രമത്തിൽ കേസെടുത്തു. വാഹനാപകടത്തിൽ പരിക്കേറ്റ ആളുമായി എത്തിയ രണ്ടുപേരാണ് ആശുപത്രി അടിച്ചു തകർത്തത്.
ഒറ്റപ്പാലം മീറ്റ്നയിൽ ഇന്നലെ രാത്രിയാണ് ഇരുവിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമം തടയാനെത്തിയ ഒറ്റപ്പാലം ഗ്രേഡ് എസ് ഐ രാജ് നാരായണനും പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നയാള്‍ക്കുമാണ് വെട്ടേറ്റത്. അക്ബറും മറുവിഭാഗവും തമ്മിലായിരുന്നു സംഘർഷം.
കോഴിക്കോട് കടലുണ്ടിയിൽ യുവാക്കള്‍ ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തിലും പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അത്താണിക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ താനൂർ സ്വദേശി അൻസിലിനൊപ്പമാണ് യുവാക്കള്‍ ആശുപത്രിയിലെത്തിയത്. അൻസിലിനെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതാണ് യുവാക്കളെ പ്രകോപിതരാക്കിയത്.
അൻസിലിനൊപ്പമുണ്ടായിരുന്ന രണ്ടുപേരും റിസപ്ഷനിലെ ഉപകരണങ്ങള്‍ അടിച്ചു തകർക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാർ നൽകിയ പരാതിയിൽ ഫറോക് പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്നയാൾ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.