'ഒളിച്ചുനിന്ന ഒരാൾ ഓടിവന്ന് സിമന്റ് കട്ട കാലിലിടുകയായിരുന്നു, ആംബുലൻസ് പോലും കടത്തിവിട്ടില്ല'; വിഴിഞ്ഞത്ത് ആക്രമണത്തിനിരയായ എസ്ഐ

''രണ്ട് മണിക്കൂറോളം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു''

Update: 2022-11-30 04:49 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം:വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന് നേരെ ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള എസ് ഐ ലിജോ പി മണി. 'രണ്ട് മണിക്കൂറോളം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. യാതൊരു പ്രകോപനവും പൊലീസിന് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ ഒളിച്ചുനിന്ന ഒരാൾ ഓടിവന്ന് സിമന്റ് കട്ട കാലിലിടുകയായിരുന്നു. ആ നിമിഷം കാല് നിലത്തുകുത്താൻ സാധിച്ചില്ല'. പിന്നെ രണ്ടു പൊലീസുകാരുടെ സഹായത്തോടെയാണ് സ്‌റ്റേഷന് അകത്തേക്ക് എത്തിയതെന്നും ലിജോ മാധ്യമങ്ങളോട് പറഞ്ഞു

'ആംബുലൻസ് പോലും പ്രദേശത്തേക്ക് കയറ്റിവിട്ടില്ല. ഇങ്ങനയൊരു സമരം ഒരിക്കലും പ്രതീക്ഷിച്ചില്ല. സമാധാനപരമായിരിക്കുമെന്നാണ് കരുതിയത്. കല്ലേറിൽ ചില്ലുകളൊക്കെ പൊട്ടി'. പൊലീസ് വാഹനങ്ങളും നശിപ്പിച്ചെന്നും ലിജോ പി മണി പറഞ്ഞു. ' കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു.മൂന്നുമാസം വിശ്രമമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കാലിലെ മറ്റൊരു മുറിവ് തുന്നിച്ചേർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്.കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News