ഗാനമേള ജനകീയമാക്കിയ കലാകാരൻ; ഗായകൻ ഇടവ ബഷീറിന് നാടിന്റെ അന്ത്യാഞ്ജലി

നൂറ് കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു

Update: 2022-05-29 09:05 GMT
Advertising

കൊല്ലം: പിന്നണി ഗായകൻ ഇടവ ബഷീറിന് നാടിന്റെ അന്ത്യാഞ്ജലി. കൊല്ലം കടപ്പാക്കടയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിൽ നൂറ് കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് 4.30ന് രണ്ടാംകുറ്റി ജുമാ മസ്ജിദിലാണ് ഖബറടക്കം .

പാട്ടിന്റെ വഴിയിലൂടെ കൊല്ലത്തെ കൈപിടിച്ച് നടത്തിയ ഗായകൻ. അത്യാധുനിക സംഗീതോപകരണങ്ങൾ കൊണ്ടുവന്ന് ഗാനമേളയിൽ പുതുമ ഒരുക്കിയ കലാകാരൻ. ഇങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് ഇടവ ബഷീറിന്. പുതിയ പാട്ടുകൾ റെക്കോർഡായി ലഭിക്കാൻ താമസമുണ്ടായിരുന്ന കാലത്ത് തിയറ്ററിന്റെ പുറകിൽ നിന്ന് പാട്ട് കേട്ടെഴുതി പഠിച്ച് ഗാനമേളയിൽ പാടുമായിരുന്നു. ഗാനമേളയിൽ നിന്ന് ലഭിച്ച പേരും പെരുമയും ബഷീറിനെ സിനിമയിൽ എത്തിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ജനിച്ചത് എങ്കിലും ഹൈസ്‌കൂൾ പഠന കാലത്ത് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റി. തിരുവനന്തപുരം സ്വതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് ഗാനഭൂഷണം പാസായി. അഞ്ച് പതിറ്റാണ്ട് മുൻപ് ഗാനമേളയ്ക്കായി കൊല്ലം സംഗീതകലാലയത്തിന് രൂപം നൽകി. ആലപ്പുഴ ബ്ല്യൂ ഡയമണ്ട് ട്രൂപ്പിന്റെ താരമായിരുന്നു ഇടവ ബഷീർ. അതേ ബ്ല്യൂ ഡയമണ്ട് ട്രൂപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷ വേദിയിൽ ഇഷ്ട ഗാനം മാനാ ഹോ തും പാടുമ്പോൾ ആയിരുന്നു കുഴഞ്ഞു വീണുള്ള മരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 78 വയസായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News