കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും തീയും പുകയും
ആറാം നിലയിലാണ് പുകയുയർന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. കഴിഞ്ഞ വെള്ളിയാഴ്ച പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗത്തിലെ ആറാം നിലയിലാണ് ഇലക്ട്രിക്കൽ പരിശോധനക്കിടെ പുക കണ്ടത്. പുക ഉയർന്നതിനെ തുടർന്നു കെട്ടിടത്തിലെ മറ്റ് നിലകളിൽ ഉണ്ടായിരുന്ന രോഗികൾ ഓടി രക്ഷപ്പെട്ടു.ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ അനുമതിയോടെയാണ് ഇന്ന് കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പിഡബ്ള്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ പരിശോധനക്കിടെ ആറാം നിലയിലെ പതിനാലാം നമ്പർ മുറിയിൽ നിന്ന് പുക ഉയർന്ന്. കാർഡിയാക് ഓപ്പറേഷൻ തിയറ്റർ അടക്കം പ്രവർത്തന സജ്ജമാക്കാനിരിക്കുന്നതിനിടെയാണ് ഇന്ന് പരിശോധന നടത്തിയത്. പുക ഉയർന്ന സമയത്തു തന്നെ 3, 4, 5 വാർഡുകളിൽ ഉണ്ടായിരുന്ന 20 ഓളം രോഗികളെ മാറ്റി. പുക ഉയർന്നതോടെ സയറൻ മുഴങ്ങി, പരിഭ്രാന്തരായ രോഗികൾ പലരും താഴെക്ക് ഓടി.
അത്യാഹിത വിഭാഗം ബ്ലോക്ക് പൂർണമായി പരിശോധിക്കാതെ രോഗികളെ എന്തിനു കൊണ്ടുവന്നുവെന്ന് ചോദിച്ച് കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചു . ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ അനുമതിയോടെയാണ് രോഗികളെ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
രണ്ട് ഘട്ട പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇനി അത്യാഹിത വിഭാഗത്തിൽ രോഗികളെ പ്രവേശിപ്പിക്കൂ. അപ്പോഴും പ്രവർത്തന സജ്ജമായി ഒരു വർഷം മാത്രം കഴിഞ്ഞ കെട്ടിടത്തിലെ ഇലക്ട്രിക്കൽ സംവിധാനങ്ങൾ സുരക്ഷിതമാണോ എന്ന ചോദ്യം ഇന്നത്തെ സംഭവത്തോടെ ഉയരുകയാണ് .