'വിവേചനത്തിന് ഇരയാകുന്നു '; മലപ്പുറം ജില്ല വിഭജിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്‌

രൂപീകരണ സമയം മുതൽ ഇതുവരെയും മലപ്പുറത്തിനെതിരെ വംശീയ ആക്രമണങ്ങൾ തുടരുകയാണെന്ന് ജില്ലാ പ്രസിഡന്‍റ് സാബിക് വെട്ടം

Update: 2025-06-17 06:21 GMT
Editor : Lissy P | By : Web Desk

മലപ്പുറം:  മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്. ഭീകര വിവേചനങ്ങൾക്ക് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഇരയാകുന്നു എന്നത് വ്യക്തമായ യാഥാർഥ്യമാണെന്ന് സോളിഡാരിറ്റി അഭിപ്രായപ്പെട്ടു. 

മലപ്പുറം ജില്ലയിൽ പ്ലസ് വണ്‍ ബാച്ച് പ്രശ്നം മുതൽ വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, വൃവസായ തുടങ്ങി എല്ലാ മേഖലയിലും പിന്നോക്കമാണെന്നും സംസ്ഥാനത്ത് തന്നെ ബോധപൂർവമായ ഭീകര വിവേചനങ്ങൾക്ക് ഇരയാകുന്നു എന്നതും വ്യക്തമായ യാഥാർഥ്യങ്ങളാണ്.

സംസ്ഥാനത്ത് തന്നെ ഇനിയൊരു ജില്ല പരിഗണിക്കപ്പെടുകയാണെങ്കിൽ ആദ്യം പരിഗണിക്കേണ്ടത് മലപ്പുറത്തെയാണ് എന്നതും കണക്കുകളും മറ്റും പരിശോധിക്കുമ്പോൾ നിസ്സംശയം പറയാൻ കഴിയുന്ന കാര്യമാണ്.

Advertising
Advertising

രൂപീകരണ സമയം മുതൽ ഇതുവരെയും മലപ്പുറത്തിനെതിരെ വംശീയ ആക്രമണങ്ങൾ തുടരുന്നു. ജില്ല രൂപീകരിച്ച് 50 വർഷം പിന്നിട്ട സമയത്ത് മലപ്പുറത്ത് പുതിയ ജില്ലകൾ രൂപീകരിക്കുക എന്നത് നീതിയുക്തവും പ്രസക്തവുമായ മുദ്രാവാക്യമാണ്. ഈ ആവശ്യത്തെ ഉയർത്താൻ സാമൂഹൃ- രാഷ്ട്രീയ - സാംസ്കാരിക - മത- സാമുദായിക രംഗങ്ങളിലെ എല്ലാവരും രംഗത്ത് വരണമെന്നും മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാബിക് വെട്ടം പറഞ്ഞു.

സാബിക് വെട്ടത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്നേക്ക് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടിട്ട് 56 വർഷം പിന്നിടുകയാണ്. നിരവധി കോലാഹലങ്ങൾക്കൊടുവിലാണ് അന്ന് മലപ്പുറം ജില്ല പിറക്കുന്നത്. കേരളത്തിൽ ഇതാ 'കുട്ടി പാകിസ്ഥാൻ' ഉണ്ടാവാൻ പോകുന്നു എന്നടക്കമുള്ള വംശീയവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരങ്ങളടക്കം അന്ന് നടന്നതായി ചരിത്രത്തിൽ കാണാം. മലപ്പുറം ജില്ലയുടെ മുന്നോട്ടുപോക്കിൽ അന്ന് മുതൽ ഇന്ന് വരെ ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത് എന്നതും നമുക്ക് പറയാതെ വയ്യ.

മലപ്പുറം ജില്ലയിൽ +1 ബാച്ച് പ്രശ്നം മുതൽ വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, വൃവസായ തുടങ്ങി എല്ലാ മേഖലയിലും പിന്നോക്കമാണെന്നും സംസ്ഥാനത്ത് തന്നെ ബോധപൂർവ്വമായ ഭീകര വിവേചനങ്ങൾക്ക് ഇരയാകുന്നു എന്നതും വ്യക്തമായ യാഥാർത്യങ്ങളാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല എന്ന നിലക്കും വലിയ ഭൂവിസ്തൃതിയുള്ള ഒരു ജില്ല എന്ന നിലക്കും സംസ്ഥാനത്ത് തന്നെ ഏറെ പിന്നോക്കം നിൽക്കുന്ന ജില്ല എന്ന യാഥാർത്ഥ്യത്തിലും മലപ്പുറത്ത് പുതിയ ജില്ലകൾ രൂപികരിക്കേണ്ടത് തീർത്തും അനിവര്യമായ ഒന്നാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. സംസ്ഥാനത്ത് തന്നെ ഇനിയൊരു ജില്ല പരിഗണിക്കപ്പെടുകയാണെങ്കിൽ ആദ്യം പരിഗണിക്കേണ്ടത് മലപ്പുറത്തെയാണ് എന്നതും കണക്കുകളും മറ്റും പരിശോധിക്കുമ്പോൾ നിസ്സംശയം പറയാൻ കഴിയുന്ന കാര്യമാണ്.

കേരളത്തിൽ നീതിയുക്തവും സന്തുലിതവുമായ വികസനവും തുല്യമായ വിഭവ വിതരണത്തിനും ജനസംഖ്യാനുപാതിക വികസനം നടപ്പിലാക്കപ്പെടണം എന്നതാണ് നമുക്ക് ആവശ്യപ്പെടാനുള്ളത്. ആയതിനാൽ തന്നെ മൂന്ന് ജില്ലകളുടെ ജനസംഖ്യയുള്ള 'മലപ്പുറത്ത് പുതിയ ജില്ലകൾ രൂപീകരിക്കുക ' എന്നത് ഏറ്റവും നീതിയുക്തവും പ്രസക്തവുമായ മുദ്രാവാക്യമാണ്. കൂടുതൽ ശക്തവും വ്യക്തവുമായി ആ ആവശ്യത്തെ ഉയർത്താൻ സാമൂഹൃ- രാഷ്ട്രീയ - സാംസ്കാരിക - മത- സാമുദായിക രംഗങ്ങളിലെ എല്ലാവരും രംഗത്ത് വരണമെന്ന് വിനീതമായി ഉണർത്തുന്നു.

Full View


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News