ചിലർക്ക് പൊലീസിനെ നിർവീര്യമാക്കാൻ ആഗ്രഹം; വർഗീയമായി ആക്രമിക്കുന്നു-മുഖ്യമന്ത്രി

''കേരളത്തിൽ കലാപം ഉണ്ടാക്കാൻ വർഗീയശക്തികളും പ്രതിപക്ഷവും ശ്രമിക്കുന്നു. കൊലക്കത്തി എടുത്തവർ താഴെവച്ചാൽ തീരാവുന്ന പ്രശ്‌നമേ നാട്ടിലുള്ളൂ. ന്യൂനപക്ഷകേന്ദ്രങ്ങളിൽ സംഘ്പരിവാർ കലാപത്തിന് പദ്ധതിയിട്ടിരുന്നു. അത് കണ്ടെത്തി തടഞ്ഞത് പൊലീസാണ്.''

Update: 2022-02-23 06:22 GMT
Editor : Shaheer | By : Web Desk

സംസ്ഥാനത്ത് കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതിൽ തിരിച്ചറിഞ്ഞ 92 പ്രതികളിൽ 73 പേരെ പിടികൂടി. തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Advertising
Advertising

കോട്ടയം ഈസ്റ്റ് ഷാൻബാബു കൊലക്കേസിൽ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഓപറേഷൻ കാവൽ വഴി 63 പേർക്കെതിരെ കാപ്പ ചുമത്തുകയും 1,457 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

സുധാകരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമല്ലേ നിങ്ങൾക്കുള്ളത്? ധീരജ് കൊലപാതകത്തെ കെ.എസ്.യു നേതാവ് പോലും തള്ളിപ്പറഞ്ഞിട്ടും നിങ്ങളുടെ നേതാവ് തള്ളിയില്ല. പൊലീസിനെ നിർവീര്യമാക്കണമെന്ന ആഗ്രഹം ചിലർക്കുണ്ട്. വർഗീയമായി പൊലീസിനെ ആക്രമിക്കുന്നുണ്ട്. ആ ശക്തികളുടെ വക്താക്കളാകുന്ന അവസ്ഥ നിങ്ങളിൽനിന്ന് ഉണ്ടാകരുത്. ചിലരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി വരുന്നുണ്ട്. തെറ്റായ സമീപനങ്ങളെ സർക്കാർ ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റേത് ചീറ്റിപ്പോയ പ്രമേയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ''ഷംസുദ്ദീൻ പറഞ്ഞത് അദ്ദേഹത്തിന്റെ മോഹങ്ങളാണ്. കേരളത്തിൽ ക്രമസമാധാന പ്രശനമുണ്ടാകണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നു. ചില കൊലപാതകങ്ങൾ പ്രതിപക്ഷം പറയുന്നില്ല. ഇടുക്കി ധീരജിന്റെ കൊലപാതകം പുറത്തുനിന്ന് വന്നവരാണ് നടത്തിയതെന്ന് കെ.എസ്.യു നേതാക്കൾ തന്നെ പറഞ്ഞു. മൂന്ന് കൊലപാതകങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകരും രണ്ടെണ്ണത്തിൽ എസ്.ഡി.പി.ഐയും ഒരെണ്ണത്തിൽ കോൺഗ്രസ് പ്രവർത്തകരുമാണ് പ്രതികൾ. കേരളത്തിൽ കലാപം ഉണ്ടാക്കാൻ വർഗീയശക്തികളും പ്രതിപക്ഷവും ശ്രമിക്കുന്നു. കൊലക്കത്തി എടുത്തവർ താഴെവച്ചാൽ തീരാവുന്ന പ്രശ്‌നമേ നാട്ടിലുള്ളൂ.''

സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം. ഇത് ആരെ സഹായിക്കാനെന്ന് എല്ലാവർക്കും ബോധ്യമാകും. ന്യൂനപക്ഷകേന്ദ്രങ്ങളിൽ സംഘ്പരിവാർ കലാപത്തിന് പദ്ധതിയിട്ടിരുന്നു. അത് കണ്ടെത്തി തടഞ്ഞത് പൊലീസാണ്. അതിനെപ്പറ്റി പരാമർശിക്കാത്തത് എന്തുകൊണ്ടാണ്? പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. വർഗീയശക്തികൾക്കെപ്പം പ്രതിപക്ഷം ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. പൊലീസ് നടത്തിയ സേവനങ്ങളെ വിസ്മരിക്കാനാകില്ല. പൊലീസ്‌സേനയെ അവഹേളിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Summary: Some want to weaken the police; Communal Attack against Police, Says CM Pinarayi Vijayan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News