Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ഫോറൻസിക് വിദഗ്ധ ഡോക്ടർ ഷേർളി വാസുവിന്റെ മരണത്തിൽ അനുസ്മരിച്ച് സൗമ്യയുടെ അമ്മ സുമതി. സൗമ്യവധക്കേസിലുൾപ്പെടെ പ്രമാദമായ പലകേസുകളിലും തെളിവുകൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഡോക്ടർ ഷേർളി വാസുവായിരുന്നു.
എന്റെ മോൾക്ക് പറ്റിയത് ഡോക്ടറിലൂടെയാണ് ഞാൻ അറിഞ്ഞതെന്നും എനിക്കൊരിക്കലും അവരെ മറക്കാനാവില്ലെന്നും സുമതി മീഡിയവണിനോട് പറഞ്ഞു. നേരിട്ട് കാണാനോ സാധിച്ചിട്ടില്ലെങ്കിലും നേരിട്ട് കണ്ടപോലെയായിരുന്നു സംസാരിച്ചിരുന്നത്. മറ്റൊരാളായിരുന്നു മകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നതെങ്കില്‍ ഇത്രയും വ്യക്തമായ റിപ്പോര്‍ട്ട് വരില്ലായിരുന്നു. ഡോക്ടര്‍ പറഞ്ഞപ്പോഴാണ് മകള്‍ക്ക് പറ്റിയ അപകടത്തെക്കുറിച്ച് വിശദമായി അറിഞ്ഞതെന്നും സുമതി കൂട്ടിച്ചേർത്തു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു ഡോക്ടർ ഷേർളി വാസു മരണപ്പെട്ടത്. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്.