'സ്വന്തം നാട്ടിലെ എംഎല്‍എയെ അറിയാത്ത ആ കുട്ടിയെ പിടിച്ച് ഉമ്മ വെക്കണോ?'; മുകേഷിനെ പിന്തുണച്ച് ശ്രീധരന്‍ പിള്ള

താന്‍ രാഷ്ട്രീയം പറയുകയല്ലെന്ന് പറഞ്ഞായിരുന്നു ശ്രീധരന്‍ പിളളയുടെ പ്രതികരണം

Update: 2021-07-05 11:25 GMT
Advertising

ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് കയര്‍ത്ത് സംസാരിച്ച എം.മുകേഷ് എംഎല്‍എയ്ക്ക് പിന്തുണയുമായി മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. സ്വന്തം നാട്ടിലെ എംഎല്‍എ ആരാണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ആ കുട്ടിയെ പിടിച്ച് ഉമ്മ വെക്കുകയാണോ അതോ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. കോഴിക്കോട് ബേപ്പൂരില്‍ നടന്ന ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ രാഷ്ട്രീയം പറയുകയല്ലെന്ന് പറഞ്ഞായിരുന്നു ശ്രീധരന്‍ പിളളയുടെ പ്രതികരണം. വിളിച്ച് പ്രശ്‌നം പറയുന്നതിന് ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം നമ്മള്‍ ചിന്തിക്കേണ്ട വിഷയമുണ്ട്. സാമൂഹിക ജീവിതത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് എന്തിലേക്ക് പോകുന്നുവെന്ന വിഷയം നമ്മള്‍ എല്ലാവരും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് വിദ്യാര്‍ത്ഥിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന മുകേഷിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം എംഎല്‍എയെ വിളിച്ച പത്താം ക്ലാസുകാരനെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയും പത്താംക്ലാസുകാരനുമായ വിഷ്ണുവാണ് എം.എല്‍.എയെ ഫോണില്‍ വിളിച്ചത്. സുഹൃത്തിന് വേണ്ടി ഫോണ്‍ സഹായം ലഭിക്കുമോ എന്നറിയാനാണ് വിളിച്ചതെന്നും ഫോണില്‍ കയര്‍ത്ത് സംസാരിച്ച എംഎല്‍എയോട് പരാതിയില്ലെന്നും വിഷ്ണു പറഞ്ഞു.

താന്‍ ആറുതവണ വിളിച്ചതുകൊണ്ടുകൂടിയാകും എംഎല്‍എയ്ക്ക് ദേഷ്യം വന്നത്. രാവിലെ സ്ഥലം എം.പിയും കോണ്‍ഗ്രസ് നേതാവുമായ വി.കെ ശ്രീകണ്ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എംപി എത്തുന്ന വിവരം അറിഞ്ഞ് കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News