Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ പങ്കാളിയാകാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ. നാടിന്റെ വികസനത്തിനുള്ള ഫണ്ട് ഉപാധികളോടെ മാത്രം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ നീക്കം രാജ്യത്തിന്റെ പൊതുനയത്തിനും, കീഴ്‌വഴക്കങ്ങൾക്കും എതിരാണെന്ന് വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് എന്നിവർ പറഞ്ഞു.
വികസന ഫണ്ട് തടഞ്ഞ് വെക്കുന്നത് നിയമ വ്യവസ്ഥയോടും, ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും ഇരുവരും കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിച്ച നിലപാടിൽ നിന്നും പിൻവാങ്ങുന്നതിന്റെ കാരണങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. വികസന ഫണ്ട് എന്നത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണെന്നിരിക്കെ ഫണ്ട് അനുവദിക്കുന്നതിൽ മാനദണ്ഡം സ്വീകരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാറും പിൻവാങ്ങണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ടിന് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഉപാധികൾ വെക്കുന്നതിനെതിരെ നിയമ പോരാട്ടത്തിന് സർക്കാർ തയ്യാറാകണമെന്നും വിസ്ഡം ആവശ്യപ്പെട്ടു.