സംസ്ഥാന ഓഫീസുകൾക്ക് സ്വന്തം കൗൺസിലറില്ല !
പാർട്ടികളുടെ സംസ്ഥാന കമ്മിറ്റി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന വാർഡുകളിൽ സ്വന്തം സ്ഥാനാർഥികളെ ജയിപ്പിക്കാനാവാതെ പാർട്ടികൾ
തിരുവനന്തപുരം: പാർട്ടികളുടെ സംസ്ഥാന കമ്മിറ്റി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന വാർഡുകളിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാനാവാതെ പാർട്ടികൾ. സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന പാളയം വാർഡിൽ കോൺഗ്രസിലെ ഷേർളി എസ്. ആണ് ഇവിടെ വിജയിച്ചത്. പഴയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി ഡിവിഷനിലും സിപിഎം സ്ഥാനാർഥി പരാജയപ്പെട്ടു. ഐ.പി ബിനുവാണ് എൽഡിഎഫിന് വേണ്ടി മത്സരിച്ചത്. കോൺഗ്രസിലെ മേരി പുഷ്പം എയാണ് ഇവിടെ വിജയിച്ചത്. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു.
കെപിസിസി ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡിൽ എൻഡിഎ വിജയിച്ചത്. എൻഡിഎ സ്ഥാനാർഥിയായ ആർ. ശ്രീലേഖയാണ് വിജയിച്ചത്. സിപിഎമ്മിന്റെ അമൃതയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് സ്ഥാനാർഥി സരളാ റാണി മൂന്നാം സ്ഥാനത്താണ്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ സ്ഥിതിചെയ്യുന്ന തമ്പാനൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കാണ് വിജയം. കോൺഗ്രസിന്റെ ആർ.ഹരികുമാറാണ് മണ്ഡലത്തിൽ വിജയിച്ചത്. സിപിഐയുടെ എം.വി.ജയലക്ഷ്മിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി മൂന്നാം സ്ഥാനത്താണ്.