ചേവായൂർ മോഷണ കേസ്; പ്രതിയുടെ വീട്ടിൽനിന്നും സ്വർണവും പണവും കണ്ടെടുത്തു
സമീപ കാലങ്ങളിൽ 14 ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു
Photo| MediaOne
കോഴിക്കോട്: കോഴിക്കോട് ചേവായൂർ മോഷണ പരമ്പര കേസിൽ മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തു. പ്രതി അഖിലിന്റെ കക്കോടിയിലെ വാടക വീട്ടിൽ നിന്നാണ് 36 പവൻ സ്വർണവും 3,11690 രൂപയും കണ്ടെടുത്തത്.
ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ വീടുകളിൽ നിന്ന് മോഷണം നടത്തിയ കേസിലാണ് നടപടി. പറമ്പിൽ ബസാറിലെ വീട്ടിൽനിന്നും കഴിഞ്ഞ വ്യാഴാഴ്‌ചയാണ് 22 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. സമീപ കാലങ്ങളിൽ 14 ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. സാമ്പത്തിക ബാധ്യതയാണ് മോഷണത്തിന് പിന്നിലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
ചേവായൂർ പൊലീസും ക്രൈം സ്‌ക്വാഡും സ്പെഷ്യൽ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മോഷ്ടിച്ച വാഹനവുമായി പ്രതി കോഴിക്കോട് പറക്കുളത്ത് വച്ച് പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്യലിനായി ചേവായൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കസ്റ്റഡി അപേക്ഷ സമർപ്പിച്ചു.