പൊറോട്ട വൈകിയെന്ന് ആരോപിച്ച് സ്ത്രീക്ക് നേരെ തിളച്ച എണ്ണയൊഴിച്ച പ്രതികൾ അറസ്റ്റിൽ

തട്ടുകട നടത്തുന്ന 65 വയസുള്ള ഓമനയെയാണ് അക്രമിച്ചത്

Update: 2023-06-18 02:36 GMT
Advertising

തിരുവനന്തപുരം: പൊറോട്ട ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് തിരുവനന്തപുരം ചിറയിൻകീഴിൽ തട്ടുകട നടത്തുന്ന സ്ത്രീയെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ. തട്ടുകടയിൽ എത്തിയ പ്രതികൾ തിളച്ച എണ്ണ കടയുടമയായ 65 വയസുള്ള ഓമനയ്ക്ക് നേരെ ഒഴിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതികൾ തട്ടുകടയിൽ എത്തി അതിക്രമം നടത്തിയത്. മൂന്ന് പേർ കടയിൽ എത്തി പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട നൽകാൻ അല്പം വൈകിയപ്പോൾ പ്രതികൾ പ്രകോപിതരായി. ചിക്കൻ പാകം ചെയ്യാൻ വച്ചിരുന്ന തിളച്ച എണ്ണ കടയുടമയായ അറുപത്തിയഞ്ച് വയസുള്ള ഓമനയ്ക്ക് നേരെ എറിഞ്ഞു. പിന്നാലെ കടയിൽ എത്തിയ ഓമനയുടെ ബന്ധു ദീപുവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു. ദീപുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ കടയും നശിപ്പിച്ചു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ദിവസത്തിന് ശേഷം പ്രതികൾ അറസ്റ്റിലായത്. കിഴിവിലം സ്വദേശി അജിത്, പ്രതിഭ ജങ്ഷൻ സ്വദേശി അനീഷ്, എസ് എൻ ജങ്ഷന് സമീപം താമസിക്കുന്ന വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതികൾ ഉപയോഗിച്ച ആയുധവും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾക്കെതിരെ തിരുവനന്തപുരം ജില്ലയിൽ പത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News