വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ നൽകും; പാഠ്യപദ്ധതി പൊളിച്ചെഴുതാനൊരുങ്ങി സാങ്കേതിക സർവകലാശാല

ഓരോ നാലുവർഷം കൂടുമ്പോഴാണ് സാങ്കേതിക സർവ്വകലാശാല പാഠ്യപദ്ധതി പരിഷ്‌കരിക്കാറുള്ളത്

Update: 2023-10-04 01:32 GMT
Advertising

തിരുവനന്തപുരം: പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതാനൊരുങ്ങി സാങ്കേതിക സർവകലാശാല. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ നൽകുന്ന തരത്തിലാകും കരിക്കുലം. അടുത്ത അക്കാദമിക വർഷം പ്രസിദ്ധീകരിക്കുന്ന തരത്തിലേക്കാണ് സർവ്വകലാശാല പാഠ്യപദ്ധതി ആലോചിക്കുന്നത്. ഓരോ നാലുവർഷം കൂടുമ്പോഴാണ് സാങ്കേതിക സർവ്വകലാശാല പാഠ്യപദ്ധതി പരിഷ്‌കരിക്കാറുള്ളത്.

ഇത് പ്രകാരം 2023 അക്കാദമിക വർഷം ആരംഭിക്കേണ്ടിയിരുന്നത് പുതിയ പാഠ്യപദ്ധതിയിലൂടെയായിരുന്നു. എന്നാൽ പ്രാരംഭ നടപടികൾ പോലും ഇതുവരെ തുടങ്ങാൻ സാധിച്ചില്ല. ഇന്നലെ ചേർന്ന ബോർഡ് ഓഫ് ഗവർണർസ് യോഗത്തിൽ വിഷയം ചർച്ച ആവുകയും വലിയ വിമർശനം ഉയരുകയും ചെയ്തു. യോഗത്തിൽ കരിക്കുലം പരിഷ്‌കരിക്കുന്നതിനെ കുറിച്ചുള്ള വിവിധ നിർദ്ദേശങ്ങളുണ്ടായി.

നിലവിലെ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് അമിതഭാരം ഉണ്ടാക്കുന്നതായി അക്കാദമിക വിദഗ്ധർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭിരുചി പ്രകാരം പഠിക്കാനുള്ള സംവിധാനം കൊണ്ടുവരണം. ബ്രാഞ്ച് അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങൾ നൽകണം. ഇതിൽനിന്ന് കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങൾ സ്വീകരിക്കാം. വ്യാവസായികമായി പ്രയോജനപ്പെടുന്ന തരത്തിൽ കൂടിയാകണം പരിഷ്‌കരണം. ഇതുവഴി കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താമെന്നും ആസ്വാദ്യകരമായ പഠനസാഹചര്യം ഉറപ്പാക്കാമെന്നും ബോർഡ് ഓഫ് ഗവർണർസ് യോഗം വിലയിരുത്തി.

അടുത്തമാസം തന്നെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. ദേശീയതലത്തിൽ പ്രസിദ്ധരായ അക്കാദമിക വിദഗ്ധരെ കുടി ഉൾപ്പെടുത്തി ഉണ്ടാക്കുന്ന പ്രത്യേക സമിതി ആകും പാഠ്യപദ്ധതി രൂപീകരണം ഏകോപിപ്പിക്കുക. ഇത് പ്രകാരം വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി 2024ൽ കോഴ്‌സുകൾ ആരംഭിക്കാം എന്ന് സർവകലാശാല കണക്കുകൂട്ടുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News