ലഹരി മുക്ത കേന്ദ്രത്തില്‍ നിന്നും ലഹരിക്കായി ഗുളികകള്‍ മോഷ്ടിച്ചു; അന്വേഷണം
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് സംഭവം
Update: 2023-08-02 15:02 GMT
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് ലഹരിക്കായി ദുരുപയോഗിക്കാനിടയുള്ള 577 ഗുളികകൾ മോഷ്ടിച്ചു. ലഹരി ആസക്തിയിൽ നിന്നു മോചനം ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഒ.എസ്.ടി സെന്ററിൽ നിന്നു ചൊവ്വാഴ്ച രാത്രിയാണ് ഗുളികകള്‍ മോഷണം പോയത്.
രാവിലെ ഒ.എസ്.ടി സെന്ററിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയുടെ താഴ് ആക്സോ ബ്ലേഡ് കൊണ്ട് അറുത്താണ് ഇതിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ മുഴുവനായും കവർന്നത്.
രാത്രി ജനറൽ ആശുപത്രിയിൽ ഒട്ടേറെ സുരക്ഷാ ജീവനക്കാർ ഉണ്ടായിട്ടും മോഷണം നടന്ന വിവരം അറിഞ്ഞില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലഹരി മോചന ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരിൽ ആരെങ്കിലുമായിരിക്കാം മോഷണത്തിനു പിന്നിലെന്നാണു പൊലീസിന്‍റെ നിഗമനം.