കോട്ടയത്ത് ഭിന്നശേഷിക്കാരിയായ അധ്യാപികയെ ഭർത്താവ് സ്‌കൂളിൽ കയറി ആക്രമിച്ചു
ഏറ്റുമാനൂർ പൂവത്തുംമുട് ജിഎൽപി സ്‌കൂളിലെ അധ്യാപികയായ ഡോണിയയുടെ കഴുത്തിനാണ് പരിക്കേറ്റത്
കോട്ടയം: കോട്ടയത്ത് ഭിന്നശേഷിക്കാരിയായ അധ്യാപികയെ ഭർത്താവ് സ്‌കൂളിൽ കയറി ആക്രമിച്ചു. ഏറ്റുമാനൂർ പൂവത്തുംമുട് ജിഎൽപി സ്‌കൂളിലെ അധ്യാപികയായ ഡോണിയയുടെ കഴുത്തിനാണ് പരിക്കേറ്റത്. പ്രതി കൊച്ചുമോനെ ഏറ്റുമാനൂർ പൊലീസ് പാമ്പാടിയിൽ നിന്ന് പിടികൂടി.
രാവിലെ ഡോണിയയെ തിരക്കി കൊച്ചുമോൻ സ്‌കൂളിൽ എത്തി. എന്നാൽ ഡോണിയ സ്‌കൂളിൽ ഉണ്ടായിരുന്നില്ല. മടങ്ങിപ്പോയി കൊച്ചുമോൻ പത്തേ മുക്കാലോടെ എത്തി. ഓഫീസ് മുറിയിൽ സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കുണ്ടായി. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡോണിയുടെ കഴുത്തിൽ മുറിവേൽപ്പിച്ചു.
മുറിവേറ്റ ഡോണിയ അടുത്ത ക്ലാസിലേക്ക് ഓടിക്കയറി. മറ്റ് അധ്യാപകർ ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അധ്യാപികയും ഭർത്താവ് കൊച്ചുമോനും ഇടുക്കി ഉപ്പുതറ സ്വദേശികളാണ്. സ്‌കൂളിൽ ജോലി ലഭിച്ചതോടെ മോസ്‌കോ കവലയിൽ താമസം തുടങ്ങി. എന്നാൽ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഡോണിയ കുറച്ച് നാളായി ഹോസ്റ്റലിൽ ആണ് താമസം. ഇതിനിടെയാണ് കൊച്ചുമോൻ സ്‌കൂളിൽ എത്തി ആക്രമണം നടത്തിയത്.
അധ്യാപികയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിൽ ഉള്ളതല്ല. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോണിയയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതി കൊച്ചുമോനെ നാളെ കോടതിയിൽ ഹാജരാക്കും.