Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
വയനാട്: മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കേരളത്തോട് വിവേചനാത്മകമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി മീഡിയവണ്ണിനോട് പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദുരന്ത മേഖലയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയെങ്കിലും ധനസഹായം പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.
അതിനിടെയാണ് പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടി ധനസഹായം മോദി പ്രഖ്യാപിച്ചത്. സാങ്കേതികത്വത്തിന്റെ പേരില്‍ കേരളത്തെ അവഗണിക്കുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.
വയനാട് പാക്കേജ് എന്ന ആവശ്യം നിരന്തരം പാര്‍ലമെന്റില്‍ അടക്കം ഉയര്‍ത്തിയിട്ടും കേന്ദ്രത്തിന്റെ അവഗണന തുടരുകയാണ്. എസ്ടിആര്‍എഫ് തുക വിനിയോഗത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞു വെച്ചിരിക്കുന്നത്. 2000 കോടി ധനസഹായം ചോദിച്ചിട്ട് 530 കോടിയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചത്.