കൊട്ടാക്കരയിൽ കുത്തേറ്റ് മരിച്ച ഡോ.വന്ദനയുടെ സംസ്കാരം ഇന്ന്

കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്കാര ചടങ്ങ് നടക്കുക

Update: 2023-05-11 00:56 GMT

ഡോ.വന്ദന ദാസ്

കോട്ടയം: കൊട്ടാക്കരയിൽ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്‍റെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്കാര ചടങ്ങ് നടക്കുക. രാവിലെ മുതൽ പൊതു ദർശനം ഉണ്ടാകും. ഇന്നലെ രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചത്. മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ ഇന്നലെ വീട്ടിലെത്തിയിരുന്നു. നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ മുക്കൂട്ടുതറയിലെ വീട്ടിലേക്ക് എത്തുന്നത്.


അതേസമയം വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ പത്ത് മണിക്ക് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും,കൗസർ എടപ്പഗത്തുമാണ് ഹരജികളിൽ വാദം കേൾക്കുക. സംസ്ഥാന പൊലീസ് മേധാവി ഓൺലൈനിൽ ഹാജരായി സംഭവം വിശദീകരിക്കും. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രി സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടും കൊലപാതകം നടന്ന താലൂക്ക് ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിക്കും. ആരോഗ്യസർവകലാശാലയേയും ഐ.എം.എയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമനിർമാണം സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകും. താലൂക്കാശുപത്രിയിലുണ്ടായ സമരം സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്ന് കോടതി വിമർശിച്ചിരുന്നു.

ഇന്നലെ രാവിലെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഹൗസ് സര്‍ജന്‍ വന്ദനക്ക് കുത്തേറ്റത്. പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.

വീട്ടിലുണ്ടായ പ്രശ്നത്തെ തുടർന്ന് സന്ദീപിന്‍റെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപരിക്കേൽപ്പിച്ചത്. ഡോക്ടറുടെ മുതുകിൽ ആറുതവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറി. വീണുപോയ ഡോക്ടറുടെ മുതുകിൽ കയറിയിരുന്നും സന്ദീപ് ക്രൂരമായി കുത്തി. ഉടൻ തന്നെ വന്ദനയെ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ഹെൽത്തിലേക്ക് എത്തിച്ചെങ്കിലും 8.25 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News