കുറ്റം ചെയ്തത് ഒന്നാം പ്രതി; ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്ന് കോടതി, യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ
പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത ഇല്ലേ എന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധിയിൽ വാദം തുടങ്ങി. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്നും കോടതി പറഞ്ഞു.
സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥ. യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഉറപ്പാണോ എന്ന് എന്ന് കോടതി ചോദിപ്പോൾ ഉറപ്പാണെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ജഡ്ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ എന്നും കോടതി ചോദിച്ചു. റേപ്പിന്‍റെ കാര്യത്തിൽ മാത്രമോ എന്ന് കോടതി ചോദിച്ചപ്പോൾ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത ഇല്ലേ എന്ന് കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ സമൂഹത്തിന് മാതൃകയാകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്ന് കോടതി പ്രതികരിച്ചു.
പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാനാകൂ എന്ന് പൾസര്‍ സുനിയുടെ അഭിഭാഷകൻ വാദിച്ചു. ഇവിടെ അതിജീവിതയുടെ നിസ്സഹായവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി പറഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്ന് നാലാം പ്രതി വിജീഷിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഒന്നാം പ്രതിക്ക് മുൻകാല കുറ്റങ്ങൾ ഉണ്ടല്ലോ എന്ന് പ്രോസിക്യൂഷൻ പറഞ്ഞല്ലോ എന്ന് കോടതി പൾസർ സുനിയുടെ അഭിഭാഷകനോട് ചോദിച്ചു. കേസുകളിൽ വെറുതെ വിട്ടതാണെന്ന് അഭിഭാഷകൻ മറുപടി നൽകി. കുടുംബത്തിൻ്റെ അവസ്ഥ അങ്ങേയറ്റം മോശമാണ്, അവശയായ മാതാവ് , സഹോദരിയുടെ കുഞ്ഞ് എന്നിവർ പ്രതിയുടെ വരുമാനം ആശ്രയിച്ചാണ് കഴിയുന്നതെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതി മാര്‍ട്ടിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടു.