വാകേരിയിലെ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കി വനം വകുപ്പ്

മൂടക്കൊല്ലിയില്‍ പന്നി ഫാം ആക്രമിച്ചത് വനംവകുപ്പിന്‍റെ ഡയറക്ടറിയിൽ ഉള്ള WWL 39 എന്ന കടുവയാണ് എന്നാണ് വ്യക്തമായത്

Update: 2024-01-15 01:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: വയനാട് വാകേരിയിൽ ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ തിരിച്ചറിഞ്ഞതോടെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കി വനം വകുപ്പ്. മൂടക്കൊല്ലിയില്‍ പന്നി ഫാം ആക്രമിച്ചത് വനംവകുപ്പിന്‍റെ ഡയറക്ടറിയിൽ ഉള്ള WWL 39 എന്ന കടുവയാണ് എന്നാണ് വ്യക്തമായത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.

മൂടക്കൊല്ലിയിൽ ശ്രീജിത്തിന്‍റെയും ശ്രീനിഷിന്‍റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ഇന്നലെ പുലർച്ചെ കടുവയുടെ ആക്രമണത്തിൽ ആറു പന്നികൾ കൂടി കൊല്ലപ്പെട്ടതോടെയാണ് വനംവകുപ്പ് ക്യാമറകൾ പരിശോധിച്ചത്. കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നികളെയും കടുവ കൊന്നിരുന്നു. തുടർന്ന് പ്രദേശത്ത് വനംവകുപ്പ് കൂടും ക്യാമറകളും സ്ഥാപിച്ചു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രദേശത്ത് എത്തിയത് വനംവകുപ്പിന്‍റെ ഡയറക്ടറിയിൽ ഉള്ള WWL 39 എന്ന കടുവയാണ് എന്ന് ബോധ്യമായത്.

ഇതോടെ പ്രദേശത്ത് കൂടുതൽ കൂടുതൽ സ്ഥാപിച്ചും നിരീക്ഷണം ശക്തമാക്കിയും കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് വനം വകുപ്പ്. കഴിഞ്ഞമാസം മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവ കർഷകന് ജീവൻ നഷ്ടമായിരുന്നു. ഈ കടുവയെ പിടികൂടിയതിനുശേഷവും പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം ഉണ്ടായി. ഇന്നലെ വീണ്ടും കടുവയുടെ ആക്രമണമുണ്ടായതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News