'മതാതീത ആത്മീയത ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക ലക്ഷ്യം'; സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം സമാപിച്ചു

അയ്യപ്പ സംഗമത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 4245 പേരില്‍ എത്തിയത് 623 പേര്‍ മാത്രം

Update: 2025-09-20 13:29 GMT

പത്തനംതിട്ട: സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം സമാപിച്ചു. ശബരിമലയുടെ മതാതീത ആത്മീയത ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക ലക്ഷ്യമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പമ്പയില്‍ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെയും സംഘ പരിവാറിനെയും വിമര്‍ശിച്ചത്.

അയ്യപ്പ സംഗമം തടയാനുള്ള ശ്രമങ്ങളെ സുപ്രീം കോടതി തന്നെ വിലക്കിയെന്നും അയ്യപ്പനോടുള്ള ഭക്തിയും വിശ്വാസപരമായ ശുദ്ധിയും ഇത്തരക്കാര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ സംഗമം ശബരിമലയുടെ വികസനത്തിനാണെന്നും ഭക്തരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertising
Advertising

വിദേശ പ്രതിനിധികള്‍ ഉള്‍പ്പടെ 3500 പേര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അവകാശവാദം. പക്ഷേ ഉദ്ഘാടനം കഴിഞ്ഞിട്ടും 2000 പ്രതിനിധികള്‍ പോലും വേദിയിലുണ്ടായിരുന്നില്ല. ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്ത 4245 പേരില്‍ 623 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെ അയ്യപ്പ സംഗമം പരാജയമായിരുന്നുവെന്ന പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

3 വേദികളിലായി നടന്ന സെമിനാറുകളിലും കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല. തിരക്ക് നിയന്ത്രണ രീതികളില്‍ മാറ്റം വരുമെന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഭക്തരെ നിയന്ത്രിക്കാന്‍ പ്രത്യേക രീതി പോലീസ് നടപ്പാക്കുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ഒക്ടോബര്‍ മാസം രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. സെമിനാറില്‍ ഉയര്‍ന്നു വന്ന പുതിയ ആശയങ്ങള്‍ അടുത്ത സീസണ്‍ മുതല്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News