'പ്രചാരണ ബോർഡുകളിലെ ഐപിഎസ് വെട്ടിയത് എന്‍റെ നിര്‍ദേശപ്രകാരം'; ആർ. ശ്രീലേഖ
ഐപിഎസെന്ന് പ്രചരണ ബോർഡുകളിൽ ഉപയോഗിച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോൾ ഇടപെട്ടെന്നും ശ്രീലേഖ മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: പ്രചാരണ ബോർഡുകളിലെ ഐപിഎസ് ഒഴിവാക്കുകയോ റിട്ടയേഡ് എന്ന് ചേർക്കുകയോ ചെയ്തത് തന്‍റെ നിർദേശപ്രകാരമാണെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പോ നോട്ടീസോ ഇതുവരെ ലഭിച്ചിട്ടില്ല. ഐപിഎസെന്ന് പ്രചരണ ബോർഡുകളിൽ ഉപയോഗിച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോൾ ഇടപെട്ടെന്നും ശ്രീലേഖ മീഡിയവണിനോട് പറഞ്ഞു.
ശ്രീലേഖയുടെ പേരിനൊപ്പം 'ഐപിഎസ്' എന്ന പദവി ഉപയോഗിക്കരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പ്രചാരണ ബോർഡുകളിലും മറ്റും പേരിനൊപ്പം ഉപയോഗിച്ചിരുന്ന ഐപിഎസ് പദവി നീക്കം ചെയ്യാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാർഥിയാണ് ശ്രീലേഖ. ശ്രീലേഖയുടെ പ്രചരണത്തിലധികവും ഐപിഎസ് ചേർത്ത പോസ്റ്ററുകളാണുണ്ടായിരുന്നത്. ഔദ്യോഗിക പദവികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘനമായതിനാലാണ് കമ്മീഷൻ ഇടപെടൽ. നിലവിലുള്ള പ്രചാരണ ബോർഡുകളിൽ നിന്ന് ഐപിഎസ് എന്ന് നീക്കം ചെയ്തോ ഐപിഎസിനൊപ്പം റിട്ടയേഡ് എന്ന് ചേർത്തോ നിയമക്കുരുക്കിനെ മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശ്രീലേഖയെ പാർട്ടി മേയറായി ഉയർത്തിക്കാണിക്കുന്ന സ്ഥാനാർഥി കൂടിയാണ്.