'യുദ്ധത്തിൽ വിജയികളില്ല, ഏത് യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യർ': എം.സ്വരാജ്

'' മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങൾ ചരിത്രത്തിലെമ്പാടുമുണ്ട്. യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ്''

Update: 2025-05-07 13:28 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: യുദ്ധത്തിൽ വിജയികളില്ലെന്നും ഏതു യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.  ഓപറേഷൻ സിന്ദൂറിന്റെ പശ്ചാതലത്തിലാണ് യുദ്ധം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ഓർമിപ്പിച്ചുള്ള സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ 'ദൽഹി ഗാഥകൾ' എന്ന നോവലിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വരാജിന്റെ കുറിപ്പ്.

മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങൾ ചരിത്രത്തിലെമ്പാടുമുണ്ട്. യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ്. അനാഥരും അഭയാർത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിൻ്റെ ശേഷിപ്പുകളെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

Advertising
Advertising

സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെയെന്നും സ്വരാജ്  വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

യുദ്ധവും സമാധാനവും .

* * * * * *

"അന്നു രാവിലെ സുമാർ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സർക്കാർ ക്വാർട്ടറിൽ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി. "

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ 'ദൽഹി ഗാഥകൾ ' എന്ന നോവലിൽ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിൻ്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് . കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ജോലിചെയ്ത് ജീവിക്കുന്നതിനിടയിലാണ് തന്റെ 39ാം വയസ്സിൽ ശ്രീധരനുണ്ണി ഹൃദയം തകർന്നു മരിക്കുന്നത്. മരണകാരണം 'ദൽഹി ഗാഥ'കളിൽ എം മുകുന്ദൻ ഇങ്ങനെ വിശദീകരിക്കുന്നു:

"......ശ്രീധരനുണ്ണി ഉദ്യോഗം കിട്ടി തലസ്ഥാന നഗരിയിൽ വന്നനാൾ തുടങ്ങി പതിവായി വായിക്കുന്ന തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പത്രം തുറന്ന് മുൻപേജിൽ കണ്ണോടിച്ചപ്പോഴാണ് അത് സംഭവിച്ചത്. പൊടുന്നനെ അയാളുടെ ഹൃദയമിടിപ്പു നിലച്ചു ......"

മുപ്പത്തിയൊൻപതാമത്തെ വയസ്സിൽ ഹൃദയം തകർത്തു കളയാൻ മാത്രം എന്തു വാർത്തയാണ് ആ ഇംഗ്ലീഷ് പത്രം കരുതി വെച്ചിരുന്നത് എന്നല്ലേ ? അത് മറ്റൊന്നുമായിരുന്നില്ല യുദ്ധത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു . യുദ്ധം തുടങ്ങിയെന്ന വാർത്ത വായിച്ചാണ് ശ്രീധരനുണ്ണി ഹൃദയം തകർന്ന് മരിച്ചുപോകുന്നത്. യുദ്ധത്തെക്കുറിച്ച് നോവലിൽ ഒരിടത്ത് ആത്മഗതമെന്നോണം ശ്രീധരനുണ്ണി ഇങ്ങനെ പറയുന്നുമുണ്ട്.

"എല്ലാം സഹിക്കാം. സഹിക്കാൻ കഴിയാത്തത് യുദ്ധത്തെ കുറിച്ചുള്ള വാർത്തകളാണ്. എത്രയെത്ര മനുഷ്യർ ചത്തൊടുങ്ങും "

മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള വാർത്തയാണ് യുദ്ധം. ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിൻ്റെ ഭീകരതയും വിനാശവും അത്രമേൽ തീവ്രമായി എം മുകുന്ദൻ ആവിഷ്കരിച്ചിരിക്കുന്നു. പശ്ചാത്തലം ഇന്ത്യാ - ചൈന യുദ്ധകാലമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് ദൽഹി ഗാഥകളിലൂടെ എം മുകുന്ദൻ പങ്കുവെക്കുന്നത്.

തുടങ്ങുന്നതു പോലെ പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയുന്നതല്ല യുദ്ധമെന്നും അവസാനിച്ചാൽ തന്നെ അതിൻ്റെ ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും 'ദൽഹി ഗാഥകൾ' വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ് :

"കുറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഭൂമിയെ മുറിവേല്പ‌ിച്ചിട്ടും മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. എല്ലാ യുദ്ധങ്ങളും അങ്ങനെയാണ്. യുദ്ധം പോയാലും അതു വന്ന വഴിയിൽ മുറിപ്പാടുകളും വ്രണങ്ങളും അവശേഷി ക്കണം. അല്ലെങ്കിൽ എന്തു യുദ്ധം?"

നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിൻ്റെ വക്കിലാണ്. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യൻ സേന തകർത്തതായി ഇപ്പോൾ വാർത്തയിൽ കാണുന്നു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാൻ . നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരർ. ഭീകരപ്രവർത്തനം തുടച്ചു നീക്കപ്പെടേണ്ടതാണ്. പഹൽഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊള്ളാൻ പാകിസ്ഥാന് കഴിയണം.

കാര്യങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്. എന്നാൽ വാർത്തകൾ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിർത്തിയിൽ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാർത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു. യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലർ നവമാധ്യമങ്ങളിൽ മുറവിളികൂട്ടുന്നുണ്ട് ചാനലുകളിൽ യുദ്ധപ്രചോദിതർ ഉറഞ്ഞു തുള്ളുന്നുമുണ്ട്.

സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ.

യുദ്ധത്തിൽ വിജയികളില്ലെന്നതാണു സത്യം. ഏതു യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ് , സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങൾ ചരിത്രത്തിലെമ്പാടുമുണ്ട് . യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ് .

അനാഥരും അഭയാർത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിൻ്റെ ശേഷിപ്പുകൾ. ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഭീകരതയില്ലാത്ത സമാധാനത്തിൻ്റെ പുലരികൾ പിറക്കട്ടെ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News